Celebrity

‘മദ്യപിച്ച് രാത്രിയില്‍ സ്ത്രീകളോട് ഫോണിലൂടെ അശ്ലീലം പറയുമായിരുന്നു’; തുറന്ന് പറഞ്ഞ് നടന്‍ പിയുഷ് മിശ്ര

മദ്യപാനത്തിന് അടിമയായിരുന്ന കാലത്ത് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും ചെയ്ത തെറ്റുകളെക്കുറിച്ചും തുറന്നുപറഞ്ഞ് മുതിർന്ന ബോളിവുഡ് താരം പിയൂഷ് മിശ്ര. മദ്യാസക്തി ഒരാളെ പൂർണ്ണമായും നശിപ്പിക്കുമെന്നും അതിൽ നിന്ന് മോചനം നേടുക എന്നത് വൈദ്യശാസ്ത്രത്തിന് പോലും പ്രവചിക്കാനാവാത്ത ഒന്നാണെന്നും ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ താൻ മറ്റുള്ളവരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ പോലും ആ അവസ്ഥയിൽ സിനിമ സെറ്റുകളിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ കാലഘട്ടത്തിൽ മദ്യം ഉള്ളിലെത്തുന്നത് വരെ ശരീരം നിയന്ത്രണാതീതമാകുമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

പിന്നീട് വലിയ പശ്ചാത്താപം തോന്നിയ പല കാര്യങ്ങളും മദ്യത്തിന്റെ സ്വാധീനത്തിൽ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സ്വന്തം അമ്മയെപ്പോലും ആ സമയത്ത് ഉപദ്രവിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പരിചിതരായ സ്ത്രീകളെ ഫോണിൽ വിളിച്ച് അശ്ലീലം സംസാരിക്കുമായിരുന്നു. പിറ്റേ ദിവസം രാവിലെ താൻ ചെയ്ത കാര്യങ്ങൾ ഓർമ്മയുണ്ടാവാറില്ല. ആളുകൾ പരാതി പറയുമ്പോൾ താൻ അത് നിഷേധിക്കുമെങ്കിലും അവർ തെളിവുകൾ നിരത്തുമ്പോൾ സങ്കടം തോന്നുമായിരുന്നുവെന്നും പിയൂഷ് മിശ്ര പറഞ്ഞു. ബോധമുള്ളപ്പോൾ ഒരിക്കലും ചെയ്യാത്ത കാര്യങ്ങളാണ് മദ്യലഹരിയിൽ ചെയ്തുപോയത്.

ഈ ദുശ്ശീലം തന്റെ തൊഴിൽ ജീവിതത്തെയും സാരമായി ബാധിച്ചു. ഒപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളാണെന്ന് സഹപ്രവർത്തകർ പറഞ്ഞു തുടങ്ങിയതോടെ സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. എന്നാൽ 2009-ൽ ഉണ്ടായ മസ്തിഷ്കാഘാതം (ബ്രെയിൻ സ്ട്രോക്ക്) തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് അദ്ദേഹം പറയുന്നു. അതിനുശേഷം ധ്യാനത്തിലൂടെയും സ്വയം നിയന്ത്രണത്തിലൂടെയും മദ്യപാനം പൂർണ്ണമായും ഉപേക്ഷിക്കാൻ സാധിച്ചുവെന്നും പുതിയൊരു മനുഷ്യനായി മാറാൻ കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു.