പ്രതിമാസം 2,500 രൂപ മാത്രം വരുമാനമുണ്ടായിരുന്ന വീട്ടുജോലിക്കാരിയിൽ നിന്നും നിയമസഭാംഗത്തിലേയ്ക്ക്. പശ്ചിമ ബംഗാളിലെ ഔസ്‌ഗ്രാം നിയമസഭാ മണ്ഡലത്തിൽ നിന്നും ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച കലിത മാജി വൻ വിജയം അത്ഭുതത്തോടെയാണ് രാഷ്ട്രീയവൃത്തങ്ങളും പൊതുജനങ്ങളും നോക്കികാണുന്നത്.
തന്റെ എതിരാളികളെ 12,535 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അവർ പരാജയപ്പെടുത്തിയത്. കലിതയുടെ ഈ വിജയം വെറുമൊരു തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല, മറിച്ച് പ്രതിസന്ധികളോട് പൊരുതി ജയിച്ച ഒരു ജീവിതത്തിന്റെ കഥ കൂടിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന അവർ കുടുംബം പുലർത്താനായി പല വീടുകളിലും ജോലിക്ക് പോയിട്ടുണ്ട്. പ്ലംബറായ ഭർത്താവിനൊപ്പം കഠിനാധ്വാനം ചെയ്താണ് എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ പാർത്ഥിനെ അവർ വളർത്തുന്നത്.
കഴിഞ്ഞ പത്ത് വർഷമായി രാഷ്ട്രീയത്തിൽ സജീവമായ കലിത ഒരു ബൂത്ത് ലെവൽ പ്രവർത്തകയായാണ് തന്റെ യാത്ര തുടങ്ങിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അവരെ മത്സരിപ്പിച്ചെങ്കിലും അന്ന് പരാജയപ്പെട്ടിരുന്നു. എങ്കിലും 41 ശതമാനത്തോളം വോട്ട് നേടാൻ അന്ന് അവർക്ക് കഴിഞ്ഞു. പാർട്ടി നേതൃത്വം വീണ്ടും വിശ്വാസമർപ്പിച്ച് 2026-ൽ രണ്ടാമതും അവസരം നൽകിയപ്പോൾ അത് മികച്ച വിജയമായി മാറി. സത്യവാങ്മൂലം പ്രകാരം കലിതയുടെ ബാങ്ക് നിക്ഷേപം, ഇൻഷുറൻസ് എന്നിവയുൾപ്പെടെ ആകെ 1,61,216 രൂപയുടെ സമ്പാദ്യമാണ് അവർക്കുള്ളത്. ഭർത്താവിന്റെ പേരിൽ പിതാവ് നൽകിയ ഏകദേശം 3 ലക്ഷം രൂപ വിലമതിക്കുന്ന 871 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വീടുമുണ്ട്.
പൂർബ ബർധമാൻ ജില്ലയിലെ ഔസ്‌ഗ്രാം മണ്ഡലത്തിലെ കലിതയുടെ വിജയം, സാധാരണക്കാരുമായി അടുത്ത ബന്ധമുള്ള അടിത്തട്ടിലെ നേതാക്കളെ ഉയർത്തിക്കൊണ്ടുവരാനുള്ള പാർട്ടിയുടെ ശ്രമമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പശ്ചാത്തലം നോക്കാതെ കഴിവിനെയും കഠിനാധ്വാനത്തെയും ബി.ജെ.പി അംഗീകരിക്കുന്നുവെന്ന് കലിതയെ അഭിനന്ദിച്ചുകൊണ്ട് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് പറഞ്ഞു.
സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങൾ നന്നായി അറിയാവുന്ന ഒരു പ്രതിനിധിയെ ലഭിച്ചതിൽ പ്രാദേശിക പ്രവർത്തകരും ആവേശത്തിലാണ്. മംഗൾകോട്ടിലെ കാസെംനഗർ സ്വദേശിയായ കലിത ഏഴ് സഹോദരിമാരും ഒരു സഹോദരനുമടങ്ങുന്ന വലിയൊരു കുടുംബത്തിലെ അംഗമാണ്. ഒരു ദിവസവേതന തൊഴിലാളിയായിരുന്ന പരേതനായ പിതാവിന്റെ ദാരിദ്ര്യം നിറഞ്ഞ സാഹചര്യങ്ങളാണ് അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയത്.
കലിതയുടെ ഈ മുന്നേറ്റം രാഷ്ട്രീയത്തിലെ ജനകീയ പങ്കാളിത്തത്തെയും പ്രാതിനിധ്യത്തെയുമാണ് സൂചിപ്പിക്കുന്നത്. പശ്ചിമ ബംഗാളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രാധാന്യം നൽകുന്ന ബി.ജെ.പിയുടെ സ്ഥാനാർത്ഥി നിർണ്ണയ രീതിയുടെ ഉദാഹരണം കൂടിയാണിത്. മുൻപ് ബാങ്കുറ ജില്ലയിലെ സാൽത്തോറയിൽ നിന്ന് മത്സരിച്ചു വിജയിച്ച ചന്ദന ബൗരിയും സമാനമായ കഥയാണ് പങ്കുവെക്കുന്നത്. ദിവസവേതന തൊഴിലാളിയായിരുന്ന ചന്ദനയും കലിതയെപ്പോലെ കഠിനാധ്വാനത്തിലൂടെയും ജനസേവനത്തിലൂടെയും രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് വന്ന സാധാരണക്കാരിയാണ്.




