Featured Spotlight

ചുട്ടുപൊള്ളുന്ന വേനലിലും കുട്ടനാട് ചമ്പക്കുളം നടുഭാഗത്ത് വെള്ളപ്പൊക്കം !

കുട്ടനാട്: നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം നടുഭാഗം വാര്‍ഡില്‍ കൊയ്ത്തു കഴിഞ്ഞ കരിയംപള്ളി പാടശേഖരത്തില്‍ മോട്ടര്‍ എടുത്തു മാറ്റിയതിനെ തുടര്‍ന്ന് മടകുത്താന്‍ പാടശേഖരസമിതി തയാറാകാതെ വന്നതോടെ ഇവിടെ വെള്ളം കയറി നൂറോളം വീടുകള്‍ വെള്ളത്തിലായി. വഴിയും പുരയിടവും അടക്കം മുങ്ങി ഇവര്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു.

വെള്ളം കെട്ടിക്കിടന്ന് കരക്കൃഷി നശിച്ചു തുടങ്ങി. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി. കഴിഞ്ഞ ദിവസം തൊട്ടടുത്ത വാര്‍ഡില്‍ ഒരു വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. ജലനിരപ്പ് പരിധിവിട്ടു വര്‍ധിച്ചതോടെ പാടശേഖരത്തിനുള്ളില്‍ താമസിക്കുന്ന 20 കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.

കളയും കച്ചിയും നശിപ്പിക്കാനായി കളനാശിനി അടിച്ചതിനുശേഷം ആണ് വെള്ളം കയറ്റിയത്. അതിനാല്‍ വെള്ളം കെട്ടിക്കിടക്കുന്നത് സാംക്രമിക രോഗങ്ങള്‍ പിടിപെടാന്‍ വളരെ സാധ്യതയുണ്ട്. പഞ്ചായത്തിന്റെ കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പാതിവഴിയില്‍ എത്തിയ കിഴക്കുംവേരിത്ര നെല്ലിക്കാത്തറ റോഡും നശിച്ചു തുടങ്ങി.

മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടക്കുമ്പോഴാണ് ഈ ദുരവസ്ഥ ഈ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. താല്‍ക്കാലിക മോട്ടോര്‍ സ്ഥാപിച്ച് വെള്ളം വറ്റിക്കാന്‍ പാടശേഖരസമിതി ഇതുവരെയും തയാറായിട്ടില്ല. അതിനാല്‍ അടിയന്തരമായി പഞ്ചായത്ത് ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.