ന്യൂഡൽഹി: പാറ്റ! നമ്മുടെ വീടിന്റെ ഏതെങ്കിലും മൂലയിലോ പൈപ്പുകൾക്കിടയിലോ ഇതിനെ കണ്ടാൽ ഉടൻ തന്നെ ആ സ്ഥലം വൃത്തിയാക്കിയില്ലെങ്കിൽ നമുക്ക് സമാധാനം ലഭിക്കില്ല. അത്രയേറെ അറപ്പോടെയും വെറുപ്പോടെയുമാണ് നാം ഈ ജീവിയെ നോക്കിക്കാണുന്നത്. എന്നാൽ ലോകത്തിന്റെ മറ്റൊരു ഭാഗത്ത് ആളുകൾ പാറ്റകളെ വളരെ രുചിയോടെ ആഹാരമാക്കുന്നു എന്ന് കേട്ടാൽ വിശ്വസിക്കാനാകുമോ?
ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള സിചാങ് നഗരത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ പാറ്റ ഫാം പ്രവർത്തിക്കുന്നത്. ഒരു ഔഷധ നിർമ്മാണ കമ്പനിയുടെ കീഴിലുള്ള ഈ ഫാമിൽ പ്രതിവർഷം ഏകദേശം 600 കോടി പാറ്റകളെയാണ് വളർത്തുന്നത്. കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് പാറ്റകൾക്ക് ആവശ്യമായ ഈർപ്പം, താപനില, ഭക്ഷണം എന്നിവ നിയന്ത്രിച്ചാണ് ഈ കൂറ്റൻ കെട്ടിടത്തിൽ ഇവയെ പരിപാലിക്കുന്നത്. ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വലിയ സജ്ജീകരണങ്ങളാണ് ഇവിടെയുള്ളത്.
ചൈനയിൽ പ്രാണികളെ വിലകുറഞ്ഞതും പോഷകസമൃദ്ധവുമായ പ്രോട്ടീൻ സ്രോതസ്സായിട്ടാണ് കാണുന്നത്. പലരും പാറ്റകളെ വറുത്തോ മറ്റ് വിഭവങ്ങൾക്കൊപ്പമോ ലഘുഭക്ഷണമായി കഴിക്കാറുണ്ട്. ചിലയിടങ്ങളിൽ ഇത് വളരെ വിശേഷപ്പെട്ട ഒരു വിഭവമായാണ് കണക്കാക്കപ്പെടുന്നത്.
ഭക്ഷണത്തിന് പുറമെ ചൈനീസ് പരമ്പരാഗത വൈദ്യശാസ്ത്രത്തിലും പാറ്റകൾക്ക് വലിയ പ്രാധാന്യമുണ്ട്. വളർച്ചയെത്തിയ പാറ്റകളെ ചതച്ച് പൊടിച്ച് വിവിധ മരുന്നുകൾ നിർമ്മിക്കുന്നു. വയറിളക്കം, ഛർദ്ദി, അൾസർ, മുറിവുകൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ചികിത്സിക്കാൻ ഈ മരുന്നുകൾ ഉപയോഗിക്കുന്നു. ദശലക്ഷക്കണക്കിന് രോഗികൾക്ക് ഈ മരുന്നുകൾ ഗുണം ചെയ്തിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടാതെ, ടൺ കണക്കിന് ജൈവമാലിന്യങ്ങൾ ഭക്ഷിക്കുന്നതിലൂടെ പരിസ്ഥിതി ശുചീകരണത്തിലും ഇവ വലിയ പങ്ക് വഹിക്കുന്നു.
ചില ഫാമുകളിൽ ഇവയെ മൃഗങ്ങൾക്കുള്ള തീറ്റയായും ഉപയോഗിക്കാറുണ്ട്. ‘അമേരിക്കൻ കോക്രോച്ച്’ എന്ന ഇനത്തിൽപ്പെട്ട പാറ്റകളെയാണ് ഇവിടെ പ്രധാനമായും വളർത്തുന്നത്. ലോകത്തിലെ മനുഷ്യരുടെ എണ്ണത്തേക്കാൾ കൂടുതൽ പാറ്റകളാണ് ഈ ഫാമിലുള്ളത്. വീക്കം കുറയ്ക്കാനും ബാക്ടീരിയകൾക്കെതിരെ പോരാടാനുമുള്ള കഴിവ് പാറ്റകളുടെ സത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങളും സൂചിപ്പിക്കുന്നു.




