ബെയ്ജിങ്: അമ്മയ്ക്ക് സൗന്ദര്യമില്ലെന്ന കാരണം പറഞ്ഞ് സ്വന്തം വിവാഹത്തിന് ക്ഷണിക്കാതിരുന്ന മകനെ കമ്പനി ഉടമ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ചൈനയിലെ ഹേനാൻ മൈനിങ് ക്രെയിൻ കമ്പനി ലിമിറ്റഡിന്റെ സ്ഥാപകനായ കുയി പെയ്ജുൻ ആണ് ഈ നടപടിയെടുത്തത്. സ്വന്തം ജീവനക്കാരൻ അമ്മയോട് കാണിച്ച അനാദരവാണ് മുതലാളിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
ജൂലൈ 21-ന് കമ്പനി ജീവനക്കാരുടെ മക്കൾക്കായി സംഘടിപ്പിച്ച ചടങ്ങിലാണ് കുയി ഈ സംഭവം വെളിപ്പെടുത്തിയത്. മാതാപിതാക്കളെ ബഹുമാനിക്കലും സംരക്ഷിക്കലുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ഗുണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ കഴിയാത്ത ഒരാൾക്ക് കമ്പനിയിലോ സമൂഹത്തിലോ യാതൊരു ബഹുമാനവും അർഹതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ ജീവനക്കാരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ, അയാളുടെ അമ്മ ചടങ്ങിൽ പങ്കെടുക്കാതെ മാറി ഒറ്റയ്ക്കിരിക്കുന്നത് കുയിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ കാരണം ചോദിച്ചപ്പോഴാണ് അമ്മയുടെ രൂപം ഭംഗിയുള്ളതല്ലെന്നും അത് തനിക്ക് നാണക്കേടാണെന്നും ജീവനക്കാരൻ മറുപടി നൽകിയത്.
ഈ മറുപടി കുയിയെ ഏറെ പ്രകോപിപ്പിച്ചു. ആ ജീവനക്കാരന് രണ്ട് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതാണെന്നും അമ്മ കഷ്ടപ്പെട്ടാണ് അവനെ വളർത്തിയതെന്നും കുയിക്ക് അറിയാമായിരുന്നു. അമ്മയോട് ഇങ്ങനെയാണോ പെരുമാറുന്നത് എന്ന് ചോദിച്ച നിമിഷം തന്നെ കുയി അയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാകുകയും കുയിയുടെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. പിന്നീട് പുതിയ ജോലി ലഭിക്കാതെ വന്നതോടെ യുവാവ് ഓഫീസിലെത്തി മാപ്പപേക്ഷിച്ചെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്ന് കുയി വ്യക്തമാക്കി. തുടർന്ന് മകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ശേഷം ആ അമ്മയ്ക്ക് കുയി കമ്പനിയിൽ ജോലി നൽകിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.




