ചൈനീസ് യുവതിയായ ലിയു സിമേയുടെ പ്രണയകഥ തികച്ചും വ്യത്യസ്തവും കൗതുകം നിറഞ്ഞതുമാണ് . പതിനഞ്ച് വര്‍ഷം മുമ്പുണ്ടായ ഭൂകമ്പത്തില്‍ തന്റെ ജീവന്‍ രക്ഷിച്ചയാളെ വിവാഹം ചെയ്തിരിക്കുകയാണ് ഒരു ചൈനീസ് യുവതി. കുട്ടിക്കാലത്ത് തന്നെ ഭൂകമ്പത്തില്‍ നിന്ന് ജീവത്തിലേക്ക് മടക്കിക്കൊണ്ടുവന്ന സൈനികനെ വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ പ്രണയിച്ച് വിവാഹം ചെയ്തു. ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഷയിൽ 37 ദമ്പതികൾ വിവാഹിതരായ സമൂഹവിവാഹ ചടങ്ങിലാണ് ഇരുവരുടെയും പ്രണയകഥസാക്ഷാത്കാരം നടന്നത്.
17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിയു സിമേ തന്റെ വരനായ ലിയാങി ഷിബിനെ ആദ്യമായി കാണുന്നത്. ദുരന്തം വിതച്ച 2008 ലെ വെന്‍ചുവാന്‍ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായെത്തിയ സൈനികരില്‍ 22 കാരനായ ലിയാങും ഉണ്ടായിരുന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന ഒരു കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സ്റ്റീല്‍ കമ്പി അവശിഷ്ടങ്ങള്‍ക്കുമിടയില്‍ നിന്നാണ് പത്തുവയസുകാരിയായ ലിയുവിനെ ലിയാങ് രക്ഷപ്പെടുത്തിയത്. നാല് മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ ലിയാങും സംഘവും ലിയുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ചികിത്സയ്ക്ക് ശേഷം ലിയു തന്റെ കുടുംബത്തോടൊപ്പം ഹുനാനിലെ സുഷോവിലേക്ക് മടങ്ങി
ക്രമേണ തന്‍റെ രക്ഷകനെക്കുറിച്ചുള്ള അവളുടെ ഓര്‍മകള്‍ മങ്ങിത്തുടങ്ങി. ഒടുവില്‍ ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ അവ്യക്തമായ ഒരു ചിത്രം മാത്രമായി അവശേഷിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കൂട്ടിമുട്ടാനും ജീവിതത്തില്‍ ഒന്നാകാനുമായിരുന്നു കാലം അവര്‍ക്കുവേണ്ടി കാത്തുവെച്ച നിയോഗം. 2020-ൽ, 22 വയസ്സുള്ള ലിയു, ചാങ്ഷയിലെ ഒരു റെസ്റ്ററന്‍റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ അവളുടെ അമ്മ ലിയാങ്ങിനെ തിരിച്ചറിഞ്ഞതാണ് ഇരുവരുടെയും ജീവിതകഥയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കിയത്. ലിയു പിന്നീട് ലിയാങ്ങുമായി സോഷ്യമീഡിയയില്‍ സൗഹൃദം സ്ഥാപിക്കുകയും ഇരുവരും സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യുകയായിരുന്നു.
വൈകാതെ ലിയു അവനോട് തന്‍റെ പ്രണയം തുറന്നുപറഞ്ഞു. അവളുടെ പ്രണയം കേവലം നന്ദികൊണ്ട് മാത്രമുള്ളതല്ലെന്നും ആഴത്തിലുള്ളതാണെന്നും തിരിച്ചറിഞ്ഞ ലിയാങ്ങിന് ആ പ്രണയം സ്വീകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തന്‍റെ ജീവിതത്തിലെ പ്രകാശകിരണം എന്നാണ് അവന്‍ ലിയുവിനെ വിശേഷിപ്പിച്ചത്. ഇരുവരുടെയും കഥ ഇന്റര്‍നെറ്റില്‍ തരംഗമായി മാറി. യഥാര്‍ത്ഥ ജീവിതത്തിലെ നാടോടിക്കഥയെന്നാണ് സോഷ്യല്‍ മീഡിയ ഇവരുടെ കഥയെ വിശേഷിപ്പിച്ചത്.




