ഡൽഹി സർവകലാശാലയിലെ (DU) ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ നടന്ന ‘നാരി ശക്തി’ (സ്ത്രീ ശാക്തീകരണം) എന്ന വിഷയത്തിലുള്ള ഒരു പരിപാടിക്കിടെ, സ്ലീവ്ലെസ് വസ്ത്രം ധരിച്ചതിന്റെ പേരിൽ വേദിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടതായി വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. ദൗലത്ത് റാം കോളേജിലെ വിദ്യാർത്ഥിനിയായ സാറ ശർമ്മ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.
സ്ത്രീകൾക്ക് മാത്രം പ്രാധാന്യം നൽകി സംഘടിപ്പിച്ച ഈ പരിപാടിയിൽ കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയായിരുന്നു മുഖ്യാതിഥി. പരിപാടിയിലെ ജഡ്ജിമാരെ ആദരിക്കുന്നതിനായി ക്ഷണിക്കപ്പെട്ട സാറയോട്, സ്ലീവ്ലെസ് വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്ന കാരണത്താൽ വേദിയിൽ കയറാൻ കഴിയില്ലെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറയുകയായിരുന്നു. എല്ലാവരുടെയും മുന്നിൽ വെച്ചുണ്ടായ ഈ പരാമർശം തന്നെ വല്ലാതെ അപമാനിച്ചുവെന്നും അങ്ങേയറ്റം അസ്വസ്ഥയാക്കിയെന്നും സാറ വീഡിയോയിൽ പറഞ്ഞു.
പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കണമെന്നായിരുന്നു നിർദ്ദേശമെന്നും താൻ സ്യൂട്ടാണ് ധരിച്ചിരുന്നതെന്നും വിദ്യാർത്ഥിനി വ്യക്തമാക്കി. മറ്റ് പല പെൺകുട്ടികളും സ്ലീവ്ലെസ് വസ്ത്രങ്ങൾ ധരിച്ചിരുന്നു. ‘നാരി ശക്തി’ എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ ഒരു വനിതാ ഉദ്യോഗസ്ഥയിൽ നിന്ന് തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായതിലുള്ള നിരാശയും അവർ പങ്കുവെച്ചു. “ഇന്നത്തെ കാലത്ത് ഇന്ത്യ ഇതിനെയൊക്കെ അതിജീവിച്ചു എന്നാണ് ഞാൻ കരുതിയത്, പക്ഷേ എനിക്ക് തെറ്റിപ്പോയി” എന്ന കുറിപ്പോടെയാണ് സാറ വീഡിയോ പങ്കുവെച്ചത്.
വീഡിയോ വൈറലായതോടെ രൂക്ഷമായ പ്രതികരണങ്ങളുമായാണ് ആളുകൾ രംഗത്തെത്തിയത്. രാജ്യം ഇത്രയേറെ പ്രശ്നങ്ങൾ നേരിടുമ്പോൾ വസ്ത്രത്തിന്റെ കൈകളെക്കുറിച്ച് ആകുലപ്പെടുന്നത് കഷ്ടമാണെന്നും, സ്ത്രീകളുടെ കഴിവുകളെക്കാൾ വസ്ത്രത്തിന് പ്രാധാന്യം നൽകുന്നത് പുരോഗതിക്ക് തടസ്സമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. സ്ലീവ്ലെസ് വസ്ത്രം ധരിക്കുന്നതിൽ എന്താണ് തെറ്റെന്നും പെൺകുട്ടിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.




