Sports

ഗുരുഗ്രാമിലെ മദ്യഷോപ്പിൽ കെവിൻ പീറ്റേഴ്സൺ! മദ്യപിക്കുന്ന വീഡിയോ വൈറൽ; പിന്നിലെ സത്യമെന്ത്?

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ കെവിൻ പീറ്റേഴ്സൺ ഗുരുഗ്രാമിലെ ഒരു മദ്യഷാപ്പ് സന്ദർശിക്കുന്നതും സ്വന്തം ബ്രാൻഡ് മദ്യം ക്യാമറയ്ക്ക് മുന്നിൽ വെച്ച് കുടിക്കുന്നതുമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പൊതുസ്ഥലത്ത് വെച്ച് അദ്ദേഹം മദ്യം കഴിക്കുന്നത് കണ്ട് ആരാധകർ ഞെട്ടിയെങ്കിലും ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്.

ഗുരുഗ്രാമിലെ ‘ഡിസ്കവറി ലിക്വർ വെയർഹൗസ്’ എന്ന ഷോപ്പിലാണ് പീറ്റേഴ്സൺ എത്തിയത്. അവിടെ നിന്ന് തന്റെ സ്വന്തം ബ്രാൻഡായ “ഡ്രീം ബെൽ” (Dream Bell) കുപ്പി അദ്ദേഹം കയ്യിലെടുത്തു. എന്നാൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ അദ്ദേഹം മദ്യം കുടിക്കുന്നതായി അഭിനയിക്കുക മാത്രമാണെന്ന് വ്യക്തമാകും. കുപ്പിയുടെ സീൽ പൊട്ടിച്ചിട്ടില്ലെന്നും അദ്ദേഹം അത് തുറക്കാതെയാണ് കുടിക്കുന്നതായി കാണിച്ചതെന്നും വീഡിയോയിൽ നിന്ന് മനസ്സിലാക്കാം.

2024-ലാണ് കെവിൻ പീറ്റേഴ്സൺ ‘ഡ്രീം ബെൽ’ എന്ന മദ്യ ബ്രാൻഡ് പുറത്തിറക്കിയത്. ആർഡന്റ് ആൽക്കോബെവ്, ആംഗസ് ഡണ്ടി ഡിസ്റ്റിലേഴ്സ് എന്നിവയുമായി സഹകരിച്ചാണ് ഈ സംരംഭം തുടങ്ങിയത്. സ്കോട്ട്ലൻഡിൽ നിർമ്മിച്ച് കുപ്പികളിലാക്കിയ ശേഷമാണ് ഇത് ഇന്ത്യയിലെത്തിക്കുന്നത്. 2024-ൽ മഹാരാഷ്ട്രയിലാണ് ഇത് ആദ്യമായി വിപണിയിലെത്തിയത്. നിലവിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ മെന്റർ സ്ഥാനം ഒഴിഞ്ഞ പീറ്റേഴ്സൺ, 2026 ഐപിഎല്ലിലെ കമന്ററി ടീമിനൊപ്പമാണുള്ളത്.