ഒരു അധ്യാപിക തന്റെ വിദ്യാർത്ഥിയെ സിനിമയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടതോടെ വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. റെഡ്ഡിറ്റിലൂടെയാണ് 18 വയസ്സുകാരനായ വിദ്യാർത്ഥി തന്റെ 28 വയസ്സുകാരിയായ അധ്യാപിക അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്. അധ്യാപികയുടെ പെരുമാറ്റം തീർത്തും “അനഭിലഷണീയവും” തൊഴിൽപരമായ അതിർവരമ്പുകൾ ലംഘിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.
“നിനക്ക് നാളെ ഒരു ക്ലാസ്സ് മാത്രമേയുള്ളൂ. അതുകൊണ്ട് എന്റെ കൂടെ ‘പ്രോജക്റ്റ് ഹെയിൽ മേരി’ എന്ന സിനിമയ്ക്ക് വരാമോ? നീ സമ്മതിക്കുകയാണെങ്കിൽ ഞാൻ പകുതി ദിവസം അവധി എടുക്കാം” എന്നായിരുന്നു അധ്യാപികയുടെ സന്ദേശം. എന്നാൽ വിദ്യാർത്ഥി ഈ ക്ഷണം നയപരമായി നിരസിച്ചു. സുഹൃത്തുക്കളുമായി മറ്റൊരു പ്ലാൻ ഉണ്ടെന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി. എന്നാൽ ആ പ്ലാൻ മാറ്റിവെക്കാൻ അധ്യാപിക വീണ്ടും നിർബന്ധിച്ചെങ്കിലും തനിക്ക് വരാൻ കഴിയില്ലെന്ന് വിദ്യാർത്ഥി ഉറപ്പിച്ചു പറഞ്ഞു.
“എനിക്ക് 18 വയസ്സാണ്, അവർക്ക് 28-29 വയസ്സ് കാണും. ഇതിനെ തമാശയായി കാണുന്നവർ, ലിംഗഭേദം തിരിച്ചായിരുന്നെങ്കിൽ (അധ്യാപകൻ വിദ്യാർത്ഥിനിയോട് ആയിരുന്നെങ്കിൽ) ഇതേപോലെയായിരിക്കുമോ പ്രതികരിക്കുക എന്ന് ചിന്തിക്കണം” എന്ന കുറിപ്പോടെയാണ് സന്ദേശങ്ങൾ പങ്കുവെച്ചത്.
സംഭവം വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഇത് അധ്യാപക-വിദ്യാർത്ഥി ബന്ധത്തിലെ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്നും, അധ്യാപികയുടെ പെരുമാറ്റം ഭയപ്പെടുത്തുന്നതാണെന്നും പലരും അഭിപ്രായപ്പെട്ടു. ഉടൻ തന്നെ സ്കൂൾ അധികൃതരെ വിവരം അറിയിക്കണമെന്നും രക്ഷിതാക്കളോട് സംസാരിക്കണമെന്നും ചിലർ ഉപദേശിച്ചു. എന്നാൽ മറ്റ് ചിലർ ഇത് അധ്യാപിക ഒരു സൗഹൃദത്തിന് വേണ്ടി ശ്രമിച്ചതാകാം എന്ന് വാദിച്ചപ്പോൾ, പോസ്റ്റ് വ്യാജമാണെന്ന് കരുതുന്നവരും കുറവല്ല. എങ്കിലും, അധ്യാപകർ പാലിക്കേണ്ട തൊഴിൽപരമായ അച്ചടക്കത്തെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.




