മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ മദ്യപിച്ചെത്തിയ യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിനെ അയാളുടെതന്നെ ലാത്തി ബലമായി പിടിച്ചുവാങ്ങി ക്രൂരമായി മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഖഡക്പാഡ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഗണേഷ് ചവാനാണ് പടിക്കെട്ടിൽ വെച്ച് അതിക്രൂരമായ ആക്രമണത്തിന് ഇരയായത്.
രാത്രി സമയത്ത് അടിയന്തര സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു സ്ത്രീ വിളിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഇവിടെവെച്ച് മദ്യലഹരിയിലായിരുന്ന രാഹുൽ തയാഡെ എന്ന യുവാവ് പൊലീസുകാരനുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ ഉദ്യോഗസ്ഥന്റെ കൈയിലുണ്ടായിരുന്ന ലാത്തി ബലമായി തട്ടിയെടുത്ത് ഇയാൾ പൊലീസുകാരനെ ക്രൂരമായി തല്ലിച്ചതച്ചു.
കോൺസ്റ്റബിളിന്റെ കോളറിൽ പിടിച്ച് വലിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. സമീപത്ത് ചില ആളുകൾ നിൽക്കുന്നുണ്ടായിരുന്നെങ്കിലും ആരും തടയാൻ ശ്രമിച്ചില്ല, മറ്റ് പൊലീസുകാരും ഈ സമയം കൂടെയുണ്ടായിരുന്നില്ല. ആക്രമണത്തിൽ കോൺസ്റ്റബിൾ ഗണേഷ് ചവാന് സാരമായി പരിക്കേറ്റിട്ടുണ്ട്.
തുടർച്ചയായി ലാത്തി വീശുമ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന പൊലീസുകാരെയാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. ആക്രമണത്തിനിടെ പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിക്കാൻ തുനിഞ്ഞതായും സൂചനയുണ്ട്. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയായ രാഹുലിനെ അറസ്റ്റ് ചെയ്തു. രാജ്കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, പൊതുസേവകനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂണിഫോമിലുള്ള പൊലീസുകാരന് പോലും സുരക്ഷയില്ലെന്ന ആശങ്കയാണ് ഈ ദൃശ്യങ്ങൾ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കൾ പങ്കുവെക്കുന്നത്.




