ട്രെയിനിലെ എസി കോച്ചിനുള്ളിൽ വെച്ച് ഒരു യാത്രക്കാരൻ പൂജ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുകളിലത്തെ ബെർത്തിൽ ഇരുന്ന് ധൂ പവും നിലവിളക്കും കത്തിച്ച് പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
തീപിടിത്തത്തിനുള്ള സാധ്യതയുണ്ടെന്നും പുക ഉയർന്നാൽ ഫയർ അലാം മുഴങ്ങുമെന്നും വ്യക്തമാക്കി കൂടെയുണ്ടായിരുന്ന യാത്രക്കാരൻ ഇതിനെ ചോദ്യം ചെയ്യുന്നത് കാണാം. ബനിയൻ മാത്രം ധരിച്ച് പത്മാസനത്തിൽ ഇരുന്നാണ് ഇയാൾ പൂജ നടത്തുന്നത്. കത്തുന്ന നിലവിളക്ക് മുന്നിൽ വെച്ച് പ്രാർത്ഥിക്കുന്ന ഇയാളെ മറ്റ് യാത്രക്കാർ പലതവണ വിളിക്കുന്നുണ്ടെങ്കിലും ഇയാൾ അത് ഗൗനിക്കാതെ പ്രാർത്ഥന തുടരുകയായിരുന്നു.
‘ജാർഖണ്ഡ് റെയിൽ യൂസേഴ്സ്’ എന്ന എക്സ് (X) അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. സംഭവം നടന്ന ട്രെയിൻ ഏതാണെന്നോ തിയ്യതി ഏതാണെന്നോ ഉള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഒരു വ്യക്തിയുടെ ഇത്തരം അശ്രദ്ധ കാരണം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാവുകയാണെന്നും, ഇതിനെ ഭക്തിയെന്നല്ല പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രാന്തെന്നാണ് വിളിക്കേണ്ടതെന്നും പറഞ്ഞ് നിരവധി ആളുകളാണ് റെയിൽവേയുടെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.




