ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർ ഉണ്ടാക്കുന്ന ശബ്ദമോ വെള്ളം കുടിക്കുന്ന ഒച്ചയോ കേൾക്കുമ്പോൾ നിങ്ങൾക്ക് കടുത്ത ദേഷ്യം തോന്നാറുണ്ടോ? ചിലർക്ക് ഇത് കേൾക്കുമ്പോൾ ചെറിയ അസ്വസ്ഥത മാത്രമേ ഉണ്ടാകൂ എങ്കിൽ, മറ്റു ചിലർക്ക് ആ സാഹചര്യം ഒട്ടും സഹിക്കാനാവില്ല. അവർ ഒന്നുകിൽ രൂക്ഷമായി പ്രതികരിക്കുകയോ അല്ലെങ്കിൽ അവിടെനിന്ന് മാറിപ്പോകുകയോ ചെയ്യും. ഇത്തരത്തിൽ ശബ്ദങ്ങളോട് അമിതമായ അസ്വസ്ഥത തോന്നുന്ന അവസ്ഥയെയാണ് ‘മിസോഫോണിയ’ എന്ന് വിളിക്കുന്നത്. ഇതൊരു മാരകമായ രോഗമല്ല, മറിച്ച് ചില ശബ്ദങ്ങളോടുള്ള മസ്തിഷ്കത്തിന്റെ വിചിത്രമായ പ്രതികരണമാണ്.
മിസോഫോണിയ എന്നാൽ ശബ്ദത്തോടുള്ള കടുത്ത വിരോധം എന്നാണ് അർത്ഥം. ഇത് ചെവിയുടെ കേൾവി സംബന്ധമായ തകരാറല്ല, മറിച്ച് തലച്ചോർ ഇത്തരം പ്രത്യേക ശബ്ദങ്ങളെ എങ്ങനെ തിരിച്ചറിയുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ഭക്ഷണം ചവയ്ക്കുന്ന ശബ്ദം, പേനയുടെ ക്ലിക്ക്, ക്ലോക്കിന്റെ ടിക് ടിക് ശബ്ദം, വെള്ളം ഇറ്റിറ്റുവീഴുന്നത് തുടങ്ങിയ സാധാരണ കാര്യങ്ങൾ പോലും ഇത്തരക്കാരെ വല്ലാതെ പ്രകോപിപ്പിച്ചേക്കാം. ശാസ്ത്രീയമായി ഇതിനെ ‘സെലക്ട് സൗണ്ട് സെൻസിറ്റിവിറ്റി സിൻഡ്രോം’ എന്നും വിളിക്കാറുണ്ട്.
ചില പ്രത്യേക ശബ്ദങ്ങൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഈ മാനസിക പ്രയാസം ദീർഘകാലം നിലനിന്നേക്കാം. ഇത് ഒരു വലിയ മാനസിക വെല്ലുവിളിയല്ലെങ്കിലും, പെട്ടെന്നുണ്ടാകുന്ന ദേഷ്യവും ശാരീരികമായ അസ്വസ്ഥതകളും ഇതിന്റെ ഭാഗമാണ്. നാഡികൾ വഴി തലച്ചോറിലെത്തുന്ന ചില സന്ദേശങ്ങളാണ് ഈ പെട്ടെന്നുള്ള ദേഷ്യത്തിന് കാരണം. പെൺകുട്ടികളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്. വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് ഭൂരിഭാഗം പേരെയും ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ ശരിയായ അവബോധത്തിലൂടെയും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയും ഈ അവസ്ഥയെ നിയന്ത്രിക്കാൻ സാധിക്കും.




