മുംബൈയിലെ ഒരു ഹൗസിങ് സൊസൈറ്റിയും 90 വയസ്സുള്ള വയോധികയും തമ്മിലുള്ള 20 കോടി രൂപയുടെ മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കാൻ സാധിക്കാത്തതിനെത്തുടർന്ന്, കേസ് പരിഗണിക്കുന്നത് ഹൈക്കോടതി 2046-ലേക്ക് മാറ്റി. സൊസൈറ്റിയിലെ മുൻ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കെതിരെ വയോധികയും മകളുമാണ് കേസ് നൽകിയിരുന്നത്. വിഷയം രമ്യമായി പരിഹരിക്കാൻ ഇരുവിഭാഗത്തോടും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എതിർകക്ഷികൾ നിരുപാധികം മാപ്പ് പറഞ്ഞാൽ കേസ് അവസാനിപ്പിക്കാമെന്ന നിർദേശമായിരുന്നു മുൻപ് കോടതി മുന്നോട്ടുവെച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ച പ്രകാരം നിരുപാധികം ക്ഷമാപണം നടത്താൻ സൊസൈറ്റി പ്രതിനിധികൾ തയ്യാറായി. എന്നാൽ, ആ ഒത്തുതീർപ്പ് അംഗീകരിക്കാനോ കേസ് അവസാനിപ്പിക്കാനോ പരാതിക്കാരിയായ വയോധിക തയ്യാറായില്ല. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് താൽപ്പര്യമെന്ന് അവർ കോടതിയെ അറിയിച്ചു. വയോധികയുടെ ഈ കർക്കശമായ നിലപാടാണ് ജസ്റ്റിസ് ജിതേന്ദ്ര ജെയിനിനെ പ്രകോപിപ്പിച്ചത്.
അടുത്ത 20 വർഷത്തേക്ക് ഈ കേസ് പരിഗണിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ജെയിൻ, കേസ് 2046-ലേക്ക് മാറ്റിവെക്കാൻ ഉത്തരവിടുകയായിരുന്നു. ജീവിതത്തിന്റെ അവസാന കാലത്തും തുടരുന്ന ഇത്തരം വാശികൾ കോടതിയുടെ വിലപ്പെട്ട സമയം നശിപ്പിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. അനാവശ്യമായ ഈ ‘അഹങ്കാര പോരാട്ടങ്ങൾ’ കൂടുതൽ പ്രാധാന്യമുള്ള മറ്റ് കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് കോടതിയെ തടയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ കേസിൽ അടുത്ത രണ്ട് പതിറ്റാണ്ടത്തേക്ക് ഇനി തുടർനടപടികൾ ഉണ്ടാകില്ല.
ഏകദേശം പത്ത് വർഷം മുൻപ് ഹൗസിങ് സൊസൈറ്റിയുടെ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് പിരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഈ നിയമപോരാട്ടത്തിന് തുടക്കമിട്ടത്. അന്ന് സൊസൈറ്റി ഭാരവാഹികൾ വയോധികയെ അധിക്ഷേപിച്ചുവെന്നും അത് വലിയ മാനനഷ്ടമുണ്ടാക്കിയെന്നും ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. മാപ്പ് പറയാൻ പ്രതികൾ തയ്യാറായിട്ടും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള വാദിയുടെ നിലപാടാണ് കോടതിയെക്കൊണ്ട് ഇത്തരമൊരു അസാധാരണമായ നടപടി എടുപ്പിച്ചത്.




