Health

പഴങ്ങൾ കഴുകാതെ കഴിക്കുന്നവരാണോ? സൂക്ഷിക്കുക, പാർക്കിൻസൺസ് രോഗത്തിന് സാധ്യത

ഇന്ത്യയിലെ വീടുകളിൽ ഓരോ ദിവസവും മാങ്ങയും വാഴപ്പഴവും മുന്തിരിയുമൊക്കെ ഭക്ഷണത്തിന്റെ ഭാഗമാകാറുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ശീലമാണിതെങ്കിലും, പഴങ്ങൾ എങ്ങനെയാണ് വളർത്തുന്നത് എന്ന കാര്യത്തിൽ ഇപ്പോൾ പുതിയ ചില ആശങ്കകൾ ഉയരുന്നുണ്ട്. കഴുകാത്ത പഴങ്ങൾ കഴിക്കുന്നത് പാർക്കിൻസൺസ് പോലുള്ള നാഡീരോഗങ്ങൾക്ക് കാരണമായേക്കാമെന്ന് മുംബൈയിലെ സെയ്ഫി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. അർജുൻ ഷാ മുന്നറിയിപ്പ് നൽകുന്നു.

തലച്ചോറിലെ ഡോപാമിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുന്നതുമൂലം കൈകാലുകൾക്കുണ്ടാകുന്ന വിറയൽ, പേശികൾ വലിഞ്ഞു മുറുകുക, ചലനശേഷി കുറയുക എന്നിവയാണ് പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങൾ. ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകൾ ഈ രോഗം ബാധിച്ച് കഴിയുന്നുണ്ട്. പാരമ്പര്യം, പ്രായം എന്നിവയോടൊപ്പം പരിസ്ഥിതിയിലെ വിഷാംശങ്ങളുമായുള്ള സമ്പർക്കവും ഈ രോഗത്തിന് കാരണമാകുന്നു. ഇതിൽ ഏറ്റവും പ്രധാനമാണ് കീടനാശിനികൾ. ഇന്ത്യയിൽ ഇപ്പോഴും നിയമപരമായോ അല്ലാതെയോ ഉപയോഗിക്കുന്ന പാരാക്വാട്ട്, ക്ലോർപൈറിഫോസ്, എൻഡോസൾഫാൻ തുടങ്ങിയ കീടനാശിനികൾ തലച്ചോറിലെ കോശങ്ങൾക്ക് തകരാറുണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല ഇതെന്നും, വർഷങ്ങളോളം ചെറിയ അളവിൽ ഇത്തരം വിഷാംശങ്ങൾ ശരീരത്തിലെത്തുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർ പറയുന്നു.

നേർത്ത തൊലിയുള്ളതും കൂടുതൽ കീടനാശിനി പ്രയോഗം നടക്കുന്നതുമായ മുന്തിരി, ആപ്പിൾ, സ്ട്രോബെറി തുടങ്ങിയവയിലാണ് കൂടുതൽ വിഷാംശം കണ്ടുവരുന്നത്. അതേസമയം വാഴപ്പഴം, പപ്പായ, നെല്ലിക്ക, ഞാവൽ പഴം, നാടൻ പേരയ്ക്ക എന്നിവ താരതമ്യേന സുരക്ഷിതമാണ്. കീടനാശിനികളുടെ അളവ് കുറയ്ക്കാൻ ചില പ്രായോഗിക മാർഗ്ഗങ്ങൾ ഡോക്ടർ നിർദ്ദേശിക്കുന്നുണ്ട്. പഴങ്ങൾ പൈപ്പിന് ചുവട്ടിൽ 30 മുതൽ 60 സെക്കൻഡ് വരെ നന്നായി കഴുകുക, ഉപ്പുവെള്ളത്തിലോ വിനാഗിരി ചേർത്ത വെള്ളത്തിലോ 10-15 മിനിറ്റ് മുക്കിവെക്കുക, ആപ്പിൾ പോലുള്ളവയുടെ തൊലി ചെത്തിക്കളയുക, പ്രാദേശികമായി ലഭിക്കുന്ന സീസണൽ പഴങ്ങൾ തിരഞ്ഞെടുക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

എന്നാൽ കീടനാശിനികളെ ഭയന്ന് പഴങ്ങൾ കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കരുതെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. പഴങ്ങളിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. നെല്ലിക്കയും ഞാവൽ പഴവുമൊക്കെ നാഡീരോഗങ്ങളെ തടയാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളാണ്. അതുകൊണ്ട് ഭയപ്പെടുകയല്ല, മറിച്ച് കൃത്യമായി കഴുകിയും ശ്രദ്ധയോടെ തിരഞ്ഞെടുത്തും പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്. ഇത്തരം ചെറിയ മുൻകരുതലുകൾ ദീർഘകാലാടിസ്ഥാനത്തിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ നമ്മെ സഹായിക്കും.