ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി സജിയെക്കുറിച്ച് നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വന്തം അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തിയ ശേഷം യാതൊരു കുറ്റബോധവുമില്ലാതെ സജി വീട്ടിലിരുന്ന് ഇറച്ചി പാകം ചെയ്തു കഴിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
ലഹരിക്കടിമയായ സജി മദ്യപിച്ചെത്തി വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും, ഒരിക്കൽ സഹോദരനുമായുള്ള തർക്കം തടയാൻ വന്ന അമ്മയെ ഉപദ്രവിച്ചിട്ടുണ്ടെന്നും സഹോദരി സിനി വെളിപ്പെടുത്തി. ക്രൂരമായ ഈ കൊലപാതകങ്ങൾക്ക് പിന്നിൽ സജി തന്നെയാണെന്ന് ഉറപ്പിച്ചു പറയുന്ന സിനി, വർഷങ്ങൾക്ക് മുൻപ് പിതാവിനെ കാണാതായ സംഭവത്തിലും ഇപ്പോൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അമ്മയും സഹോദരനും കൊല്ലപ്പെട്ടിട്ട് ഏകദേശം 25 ദിവസത്തോളമായെന്നാണ് കരുതുന്നത്. ഇത്രയും കാലം ഒന്നുമറിയാത്ത മട്ടിൽ സജി വീട്ടിൽ തന്നെ കഴിയുകയായിരുന്നു. അവരെവിടെ എന്ന ചോദ്യത്തിന് അമ്മ ആശുപത്രിയിലാണെന്നും അല്ലെങ്കിൽ സഹോദരിയുടെ വീട്ടിലാണെന്നും മാറിമാറി പറഞ്ഞ് ഇയാൾ എല്ലാവരെയും വിശ്വസിപ്പിച്ചു. എന്നാൽ അമ്മയെ പതിവായി ആശുപത്രിയിൽ കൊണ്ടുപോകാറുള്ള ഓട്ടോ ഡ്രൈവർമാരെ ബന്ധപ്പെട്ടപ്പോഴാണ് സജി പറയുന്നത് കള്ളമാണെന്ന് സിനിക്ക് ബോധ്യപ്പെട്ടത്. തുടർന്ന് സഹോദരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വണ്ടൻമേട് പോലീസിൽ നൽകിയ സന്ദേശം നെടുങ്കണ്ടം പോലീസിന് കൈമാറുകയും സിനി നേരിട്ടെത്തി പരാതി നൽകുകയും ചെയ്തു.
പോലീസ് അന്വേഷണത്തിനായി വീട്ടിലെത്തിയതോടെ സജി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ലഹരിക്ക് പണം കണ്ടെത്താനായി വീട്ടിലെ സാധനങ്ങളും കൃഷിവിളകളും ഇയാൾ വിറ്റിരുന്നു. തന്റെ വിവാഹമാണെന്ന് കള്ളം പറഞ്ഞ് നാട്ടുകാരനിൽ നിന്ന് പണം വാങ്ങി കൂട്ടുകാർക്കൊപ്പം മദ്യപിച്ചതായും വിവരമുണ്ട്. അച്ഛനെ കാണാതായ സമയത്ത് അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങളോട് സജി സഹകരിച്ചിരുന്നില്ലെന്നും അച്ഛനും സജിയും തമ്മിൽ ലഹരി ഉപയോഗത്തെച്ചൊല്ലി വഴക്കുണ്ടായിരുന്നുവെന്നും സിനി പറയുന്നു. അതിനാൽ പിതാവിന്റെ തിരോധാനത്തിന് പിന്നിലെ ദുരൂഹതയും നീക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
വീട്ടിൽ നിന്ന് ബാഗുമായി രക്ഷപ്പെട്ട സജിയെ ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് പോലീസ് പിടികൂടിയത്. വീടിന് പിന്നിലെ മലനിരകളിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. പിടിക്കപ്പെടുമ്പോൾ ഇയാളുടെ കൈപ്പത്തിക്ക് പരിക്കേറ്റിരുന്നു. ബാത്ത്റൂമിൽ വീണതാണെന്നാണ് സജി പറയുന്നതെങ്കിലും കൊലപാതകത്തിനിടെ ഉണ്ടായ പരിക്കാണോ ഇതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സജിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൊലപാതകത്തിന്റെ യഥാർഥ കാരണവും പിതാവിനെ കാണാതായതിലെ സത്യവും പുറത്തുകൊണ്ടുവരാൻ സാധിക്കൂ എന്നാണ് പോലീസ് കരുതുന്നത്.




