ന്യൂ ചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പിന് രാജസ്ഥാൻ റോയൽസ് തടയിട്ടു. സീസണിലെ പഞ്ചാബിന്റെ ആദ്യ തോൽവിയാണിത്. പഞ്ചാബ് മുന്നോട്ടുവെച്ച 223 റൺസ് എന്ന വലിയ ലക്ഷ്യം 19.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് റോയൽസ് സ്വന്തമാക്കിയത്. തോറ്റെങ്കിലും 13 പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ ഒന്നാമത് തുടരുന്നു. ആറാം ജയത്തോടെ 12 പോയിന്റ് നേടിയ രാജസ്ഥാൻ മൂന്നാം സ്ഥാനത്തേക്കുയർന്നു.
മറുപടി ബാറ്റിങ്ങിൽ ഡോനോവൻ ഫെരേരയുടെയും യശസ്വി ജയ്സ്വാളിന്റെയും അർധ സെഞ്ചറികളാണ് രാജസ്ഥാന്റെ ജയം എളുപ്പമാക്കിയത്. ഫെരേര 26 പന്തിൽ 52 റൺസും ജയ്സ്വാൾ 27 പന്തിൽ 51 റൺസും നേടി. 16 പന്തിൽ 43 റൺസെടുത്ത വൈഭവ് സൂര്യവംശിയും 12 പന്തിൽ 31 റൺസെടുത്ത ശുഭം ദുബെയും മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ റിയാൻ പരാഗ് 29 റൺസെടുത്തു പുറത്തായി.
വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ്ങിലൂടെയാണ് രാജസ്ഥാൻ ഇന്നിങ്സ് തുടങ്ങിയത്. അഞ്ച് സിക്സറുകൾ പറത്തിയ വൈഭവിനെ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ശ്രേയസ് അയ്യർ പിടികൂടുകയായിരുന്നു. പവർപ്ലേയിൽ തന്നെ 84 റൺസടിച്ച രാജസ്ഥാൻ ഒൻപതാം ഓവറിൽ 100 കടന്നു. ഇതിനിടെ ധ്രുവ് ജുറേൽ, ജയ്സ്വാൾ, പരാഗ് എന്നിവരെ പുറത്താക്കി യുസ്‍വേന്ദ്ര ചെഹൽ പഞ്ചാബിന് പ്രതീക്ഷ നൽകി. എന്നാൽ പിന്നീട് ഒത്തുചേർന്ന ഫെരേര-ശുഭം ദുബെ സഖ്യം 77 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ വിജയത്തിലെത്തിച്ചു. പഞ്ചാബിനായി ചെഹൽ മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ 222 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 22 പന്തിൽ 62 റൺസ് വാരിക്കൂട്ടിയ മാർകസ് സ്റ്റോയ്നിസാണ് പഞ്ചാബിന്റെ കരുത്തായത്. ആറ് സിക്സറുകൾ ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഓപ്പണർ പ്രബ്സിമ്രൻ സിങ് 44 പന്തിൽ 59 റൺസെടുത്ത് മികച്ച അടിത്തറയിട്ടു.
ടീമിലെ മറ്റെല്ലാ ബാറ്റർമാരും പഞ്ചാബിനായി വേഗത്തിൽ സ്കോർ ചെയ്തു. കൂപ്പർ കോണോലി (30), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (30), പ്രിയൻഷ് ആര്യ (29) എന്നിവരും മികച്ച രീതിയിൽ ബാറ്റ് വീശി. ആദ്യ വിക്കറ്റിൽ പ്രബ്സിമ്രനും പ്രിയൻഷ് ആര്യയും ചേർന്ന് 37 റൺസ് നേടി. പ്രിയൻഷിനെ പുറത്താക്കി ജോഫ്ര ആർച്ചറാണ് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്.
പവർപ്ലേയിൽ 65 റൺസ് നേടിയ പഞ്ചാബ് സ്കോർ ഇടയ്ക്ക് ഒന്ന് പതറിയെങ്കിലും സ്റ്റോയ്നിസിന്റെ ബാറ്റിങ് കരുത്തിൽ കുതിച്ചു. യഷ് രാജ് പുഞ്ച പഞ്ചാബിന്റെ രണ്ട് പ്രധാന വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും സ്റ്റോയ്നിസും അയ്യരും ചേർന്ന് സ്കോർ 200 കടത്തി. ബ്രിജേഷ് ശർമയെറിഞ്ഞ അവസാന ഓവറിൽ 24 റൺസടിച്ചാണ് സ്റ്റോയ്നിസ് പഞ്ചാബിന് മികച്ച ആകെത്തുക സമ്മാനിച്ചത്.




