മനുഷ്യത്വം മരവിച്ച ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അപകടത്തിൽപ്പെട്ട് ചോരയൊലിപ്പിച്ചു കിടക്കുന്ന ഡ്രൈവർ സഹായത്തിനായി നിലവിളിക്കുമ്പോഴും, അതൊന്നും വകവെക്കാതെ ലോറിയിലുണ്ടായിരുന്ന ശീതളപാനീയങ്ങൾ മോഷ്ടിക്കാൻ തിരക്ക് കൂട്ടുന്ന ജനക്കൂട്ടത്തെ വീഡിയോയിൽ കാണാം. സംഭവം നടന്ന സ്ഥലം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ദൃശ്യങ്ങൾ വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.
ഒരു ബൈപാസ് റോഡിൽ ശീതളപാനീയങ്ങളുമായി വന്ന ലോറി മറിഞ്ഞതാണ് അപകടത്തിന്റെ തുടക്കം. റോഡാകെ കുപ്പികൾ ചിതറിക്കിടക്കുകയായിരുന്നു. എന്നാൽ അപകടത്തിൽപ്പെട്ട ഡ്രൈവറെ സഹായിക്കുന്നതിന് പകരം, അവിടെ തടിച്ചുകൂടിയ ആളുകൾ പെട്ടികളും കുപ്പികളും വാരിയെടുത്ത് കടന്നുകളയാനാണ് ശ്രമിച്ചത്. ആളുകൾ സഞ്ചിയിലും കൈകളിലുമായി കുപ്പികൾ വാരിക്കൂട്ടുന്നതിനിടെ പരിക്കേറ്റ ഡ്രൈവർ നിസ്സഹായനായി സഹായത്തിനായി അപേക്ഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കരച്ചിൽ കേൾക്കാത്ത ഭാവത്തിലാണ് പലരും ലൂട്ടിങ്ങിൽ ഏർപ്പെട്ടത്.
ഈ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. “അപകടസ്ഥലത്ത് എന്ത് മോഷ്ടിക്കാം എന്നാണ് നിങ്ങളുടെ ആദ്യ ചിന്തയെങ്കിൽ, ഈ നാട്ടിലെ അഴിമതിയെക്കുറിച്ച് പരാതിപ്പെടാൻ നിങ്ങൾക്ക് അവകാശമില്ല” എന്ന് ഒരാൾ കുറിച്ചു. മനുഷ്യരൂപമുള്ള കഴുകന്മാർ എന്നാണ് മറ്റൊരു ഉപയോക്താവ് ഈക്കൂട്ടരെ വിശേഷിപ്പിച്ചത്. ദാരിദ്ര്യമോ സാമൂഹികമായ തകർച്ചയോ എന്തുതന്നെയായാലും, ഒരു മനുഷ്യജീവൻ അപകടത്തിൽപ്പെടുമ്പോൾ കാണിക്കുന്ന ഈ ക്രൂരത ലജ്ജാകരമാണെന്ന് ഭൂരിഭാഗം പേരും പ്രതികരിച്ചു.




