Featured Good News

37 വര്‍ഷംമുമ്പ്‌ വീടുവിട്ട മകനെ എസ്‌ഐആറിലൂടെ കണ്ടെത്തി: ബംഗാൾ കുടുംബത്തിന്റെ അത്ഭുത സംഗമം

കൊല്‍ക്കത്ത: തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണം(എസ്‌.ഐ.ആര്‍.) സഹായിച്ചു, 37 വര്‍ഷം മുമ്പ്‌ കാണാതായ വിവേകിനെ കുടുംബത്തിനു തിരിച്ചുകിട്ടി. പശ്‌ചിമ ബംഗാളിലെ പുരുളിയിലാണു സംഭവം. 1988 ലാണു വിവേക്‌ ചക്രവര്‍ത്തിയെ കാണാതായത്‌. വീട്ടില്‍നിന്നിറങ്ങിയ അദ്ദേഹം മടങ്ങിയെത്തിയില്ല. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണം ഫലം കണ്ടില്ല. പിന്നീട്‌ വിവേകിന്റെ സഹോദരന്‍ പ്രദീപ്‌ ചക്രവര്‍ത്തി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു.

പുരുളിയില്‍ ബൂത്ത്‌ ലെവല്‍ ഓഫീസറി (ബി.എല്‍.ഒ)ന്റെ ചുമതല അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ പേരും ഫോണ്‍ നമ്പറും ആ പ്രദേശത്ത്‌ വിതരണം ചെയ്‌ത എല്ലാ എന്യൂമറേഷന്‍ ഫോമുകളിലും അച്ചടിച്ചിരുന്നു.

കൊല്‍ക്കത്തയില്‍ താമസിക്കുന്ന വിവേകിന്റെ മകന്‍ രേഖകളുമായി ബന്ധപ്പെട്ട്‌ സഹായം തേടി പ്രദീപിനെ വിളിച്ചു. സാധാരണ സംഭാഷണമായാണ്‌ അവര്‍ തുടങ്ങിയത്‌. സംസാരം തുടര്‍ന്നപ്പോള്‍ പ്രദീപിനു മനസിലായി താന്‍ സംസാരിക്കുന്നത്‌ സഹോദര പുത്രനോടാണെന്ന്‌.

‘എന്റെ മൂത്ത സഹോദരന്‍ അവസാനമായി വീട്ടില്‍ വന്നത്‌ 1988ലാണ്‌. അതിനുശേഷം അദ്ദേഹം അപ്രത്യക്ഷനായി. ഞങ്ങള്‍ എല്ലായിടത്തും അന്വേഷിച്ചു. അദ്ദേഹം എല്ലാ ബന്ധങ്ങളും വിച്‌ഛേദിച്ചു. ഫോണ്‍ സംഭാഷണത്തിനിടെയാണ്‌ ഞാന്‍ സംസാരിക്കുന്നത്‌ സഹോദര പുത്രനോടാണെന്ന്‌ അറിഞ്ഞത്‌’- പ്രദീപ്‌ പറഞ്ഞു. വൈകാതെ ഫോണ്‍ വിവേകിനു കൈമാറി. അതോടെ തെറ്റിദ്ധാരണകള്‍ അകന്നു.

‘ഈ അനുഭവം വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. 37 വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം, ഞാന്‍ വീട്ടിലേക്ക്‌ മടങ്ങിയെത്തുകയാണ്‌. ഞാന്‍ എല്ലാവരോടും സംസാരിച്ചു.
മനസില്‍ സന്തോഷം മാത്രം. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ നന്ദി പറയുന്നു, കാരണം എസ്‌.ഐ.ആര്‍. ഇല്ലായിരുന്നെങ്കില്‍ ഈ പുനഃസമാഗമം ഒരിക്കലും സംഭവിക്കുമായിരുന്നില്ല.’ – വിവേക്‌ പറഞ്ഞു.