Celebrity Featured

‘എന്റെ അനുവാദമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തു’; ഉദിത് നാരായണിനെതിരെ ആദ്യ ഭാര്യ

പ്രശസ്ത ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ആദ്യ ഭാര്യ രഞ്ജന . ബിഹാറിലെ സുപൗൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഗർഭപാത്രം നീക്കം ചെയ്തുവെന്ന് രഞ്ജന ആരോപിക്കുന്നു. ഇതിന് പിന്നിൽ ഉദിത് നാരായണനും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ ദീപയും സഹോദരന്മാരും ചേർന്നുള്ള ക്രിമിനൽ ഗൂഢാലോചനയാണെന്നും പരാതിയിൽ പറയുന്നു.

1984 ഡിസംബർ ഏഴിന് ഹിന്ദു ആചാരപ്രകാരം ഉദിത് നാരായണനെ വിവാഹം ചെയ്തിട്ടുണ്ടെന്നും അവർ പറയുന്നു വിവാഹിതരായ ശേഷം ഉദിത് നാരായണൻ മുംബൈയിലേക്ക് മാറുകയും പിന്നീട് ദീപ എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. മാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത താൻ അറിഞ്ഞതെന്നും ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ഉദിത് നാരായണൻ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും അവർ ആരോപിക്കുന്നു.

ചികിത്സയ്ക്കാണെന്ന്പറഞ്ഞ് 1996-ൽ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. ഉദിതും സഹോദരന്മാരായ സഞ്ജയ് കുമാർ ഷായും ലളിത് നാരായൺ ഷായും ചേർന്നാണ് കൊണ്ടുപോയത്. അവിടെ വെച്ച് തന്റെ സമ്മതമില്ലാതെ ഗർഭപാത്രം നീക്കം ചെയ്‌തെന്നും അവർ ആരോപിച്ചു. അന്ന് ദീപ നാരായണും ആശുപത്രിയിൽ ഉണ്ടായിരുന്നതായി രഞ്ജന പരാതിയിൽ പറയുന്നു. പിന്നീട് മുംബൈയിലെയും നേപ്പാളിലെയും വീടുകളിൽ ചെന്നപ്പോൾ തന്നെ അപമാനിച്ചു പുറത്താക്കിയതായും ഇവർ പരാതിയിൽ വ്യക്തമാക്കുന്നു.

നേരത്തെ വനിതാ കമ്മീഷനിൽ നൽകിയ പരാതിയെത്തുടർന്ന് രഞ്ജനയെ ഭാര്യയായി അംഗീകരിക്കാൻ ഉദിത് തയ്യാറായെങ്കിലും പിന്നീട് വാക്കുപാലിച്ചില്ല. അടുത്തിടെ നടന്ന വൈദ്യപരിശോധനയിലാണ് ഗർഭപാത്രം നീക്കം ചെയ്ത വിവരം താൻ തിരിച്ചറിഞ്ഞതെന്ന് രഞ്ജന പറയുന്നു. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സംഭവമായതിനാൽ പോലീസ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.