Lifestyle

കുട്ടികളെ വളര്‍ത്തുന്നത് വലിയ ഉത്തരവാദിത്വം ; പാവകളെ മക്കളായി വളര്‍ത്തി ചൈനീസ് യുവതലമുറ

ഒര്‍ജിനലിനെ വെല്ലുന്ന തരത്തിലുള്ള പാവകളൊക്കെ ഇപ്പോള്‍ വിപണിയില്‍ സജീവമാണ്. പല തരത്തിലും പല വലിപ്പത്തിലുള്ള കിടിലന്‍ പാവകളാണ് ഇന്ന് വിപണിയില്‍ നിന്ന് വാങ്ങാന്‍ സാധിയ്ക്കുന്നത്. പാവകളെ സ്വന്തം കുട്ടികളെ പോലെ പരിപാലിക്കുന്ന പുതിയൊരു ജീവിതരീതി ചൈനീസ് യുവതലമുറയില്‍ സജീവമായിരിയ്ക്കുകയാണ്.

2015 -ലാണ് ഈ വിചിത്രമായ ശീലം ചൈനയില്‍ ആരംഭിച്ചത്. കൊറിയന്‍ സംഗീത ബാന്‍ഡായ EXO-യിലെ അംഗമായ ചെന്‍ (Kim Jong-dae)ന്റെ രൂപത്തിലുള്ള ഒരു പാവയെ ആരാധകര്‍ സംഗീത നിശയ്ക്ക് കൊണ്ടുവന്നതോടെയാണ് ഈ തരംഗം തുടങ്ങിയത്. പിന്നീട് ഇത് ഏഷ്യയിലുടനീളം പടരുകയും ചൈനയില്‍ വലിയൊരു വിപണിയായി മാറുകയും ചെയ്തു. ഇതിനെ ‘വേദനയില്ലാത്ത മാതൃത്വം’ എന്നാണ് പാവപ്രേമികള്‍ വിശേഷിപ്പിക്കുന്നത്. ഈ പാവകളെ വാങ്ങുന്ന യുവതികള്‍ തങ്ങളെത്തന്നെ ‘ഡോള്‍ മമ്മീസ്’ എന്നാണ് വിളിക്കുന്നത്. പുതിയൊരു പാവയ്ക്കായി ഓര്‍ഡര്‍ ചെയ്ത് അത് കൈയ്യില്‍ കിട്ടുന്നതുവരെയുള്ള കാത്തിരിപ്പിനെ തമാശയായി ഇവര്‍ ‘ഗര്‍ഭ കാലം’ എന്ന് വിശേഷിപ്പിക്കുന്നു.

ചൈനീസ് വിപണിയില്‍ ഇപ്പോള്‍ പ്രധാനമായും രണ്ട് തരം പാവകളാണുള്ളത്. ‘അട്രിബ്യൂട്ടഡ് ഡോള്‍സ്’ എന്ന പേരിലറിയപ്പെടുന്ന സെലിബ്രിറ്റികളുടെയോ പ്രശസ്തമായ അനിമേഷന്‍ കഥാപാത്രങ്ങളുടെയോ രൂപത്തിലുള്ള പാവകളും നോണ്‍ – അട്രിബ്യൂട്ടഡ് ഡോള്‍സ് ആയ പ്രത്യേക വ്യക്തികളുമായോ കഥാപാത്രങ്ങളുമായോ ബന്ധമില്ലാത്ത, ഡിസൈനര്‍മാരുടെ ഭാവനയില്‍ നിന്ന് സൃഷ്ടിക്കുന്ന പാവകളുമാണവ. പാവയെ കിട്ടിയാല്‍ പാവകള്‍ക്ക് മേക്കപ്പ് ഇടുക, വില കൂടിയ വസ്ത്രങ്ങളും വിഗ്ഗുകളും അണിയിക്കുക, സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുകള്‍ നടത്തുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.