Featured Sports

ചുവപ്പ് കാർഡിന് പിന്നാലെ എതിർ താരത്തെ ഇടിച്ച് വീഴ്ത്തി ഗോൾകീപ്പർ; വൻ കൂട്ടത്തല്ല് – വീഡി​യോ

സ്പെയിനിലെ സെഗുണ്ട ഡിവിഷനിൽ റിയൽ സരഗോസയും ഹ്യൂസ്കയും തമ്മിൽ നടന്ന മത്സരത്തിനിടെയുണ്ടായ അക്രമാസക്തമായ സംഭവങ്ങൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സരഗോസ ഗോൾകീപ്പർ എസ്തബാൻ ആൻഡ്രാഡ ചുവപ്പ് കാർഡ് കണ്ടതിന് പിന്നാലെ എതിർതാരത്തെ ഇടിച്ചുവീഴ്ത്തിയതാണ് മൈതാനത്ത് വലിയ സംഘർഷത്തിന് കാരണമായത്.

ഹോർഹെ പുലിഡോ എന്ന താരത്തെ ഫൗൾ ചെയ്തതിനാണ് അർജന്റീനക്കാരനായ ആൻഡ്രാഡയ്ക്ക് റെഫറി ചുവപ്പ് കാർഡ് നൽകിയത്. എന്നാൽ ഇതിൽ പ്രകോപിതനായ ആൻഡ്രാഡ മൈതാനത്തിലൂടെ ഓടിച്ചെന്ന് പുലിഡോയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ഇതോടെ ഇരുടീമിലെയും കളിക്കാർ തമ്മിൽ വലിയ കൂട്ടത്തല്ല് ആരംഭിച്ചു. സംഘർഷത്തെത്തുടർന്ന് ഹ്യൂസ്കയുടെ ഗോൾകീപ്പർ ഡാനി ജിമെനെസിനും സരഗോസയുടെ ഡാനി ടാസെൻഡെയ്ക്കും റെഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കി.

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ടീമുകൾ തമ്മിലുള്ള മത്സരമായതിനാൽ വലിയ സമ്മർദ്ദത്തിലായിരുന്നു താരങ്ങൾ. കളിയുടെ അവസാന നിമിഷങ്ങളിൽ രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച് പുറത്തുപോകേണ്ടി വന്ന ദേഷ്യത്തിലാണ് 35-കാരനായ ആൻഡ്രാഡ എതിർ ടീം ക്യാപ്റ്റനെ ആക്രമിച്ചത്. ചുവപ്പ് കാർഡ് ലഭിച്ചതിന് പുറമെ ഈ മോശം പെരുമാറ്റത്തിന് ആൻഡ്രാഡയ്ക്ക് വലിയ വിലക്ക് നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

മത്സരശേഷം തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിൽ ഖേദം പ്രകടിപ്പിച്ച് ആൻഡ്രാഡ രംഗത്തെത്തി. തനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും ക്ലബ്ബിന്റെ അന്തസ്സിന് നിരക്കാത്ത കാര്യമാണ് ചെയ്തതെന്നും താരം സമ്മതിച്ചു. പരിക്കേറ്റ പുലിഡോയോട് നേരിട്ട് മാപ്പ് പറഞ്ഞതായും ലീഗ് നൽകുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിച്ച റിയൽ സരഗോസ ക്ലബ്ബ്, താരത്തിനെതിരെ ആഭ്യന്തരമായി അച്ചടക്ക നടപടിയെടുക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കായികരംഗത്തെ മര്യാദകൾക്ക് നിരക്കാത്ത ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും ക്ലബ്ബ് വ്യക്തമാക്കി.