നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ എന്ന ചിത്രത്തിൽ സീതാദേവിയായി വേഷമിടുന്ന നടി സായ് പല്ലവിക്ക് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. തന്റെ പുതിയ ചിത്രമായ ‘ഏക് ദിൻ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിടിക്കിടെ തനിക്ക് ഹിന്ദി അത്ര വശമില്ലെന്ന് സായ് പല്ലവി തുറന്നു പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുംബൈയിൽ നടന്ന പരിപാടിയിൽ കാണികളോട് ഹിന്ദിയിൽ സംസാരിക്കാൻ താരം ബുദ്ധിമുട്ടിയതോടെയാണ് ഒരു വിഭാഗം ആളുകൾ പരിഹാസവുമായി രംഗത്തെത്തിയത്.
അടിസ്ഥാനപരമായ ഹിന്ദി വാക്കുകൾ പോലും സംസാരിക്കാൻ അറിയാത്ത ഒരാളെ എങ്ങനെയാണ് സീതയുടെ വേഷത്തിലേക്ക് തിരഞ്ഞെടുത്തതെന്നാണ് പലരും ചോദിക്കുന്നത്. ഹിന്ദി സംസാരിക്കാൻ അറിയാത്ത ആൾക്ക് എങ്ങനെ ഈ കഥാപാത്രത്തിന്റെ ഗാംഭീര്യം നിലനിർത്താൻ കഴിയുമെന്നും നിതീഷ് തിവാരിയുടെ കാസ്റ്റിംഗ് വലിയ പരാജയമാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു. സിനിമയിൽ സായ് പല്ലവിക്ക് വേണ്ടി മറ്റാരെങ്കിലും ഡബ്ബ് ചെയ്യുമോ എന്ന സംശയവും ചിലർ പ്രകടിപ്പിച്ചു.
എന്നാൽ സായ് പല്ലവിയെ പിന്തുണച്ചും നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. കത്രീന കൈഫ്, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവർ കരിയറിന്റെ തുടക്കത്തിൽ സമാനമായ പ്രതിസന്ധികൾ നേരിട്ടിരുന്നതായി അവർ ചൂണ്ടിക്കാട്ടി. ഒരു അഭിനേത്രിക്ക് ഭാഷ അറിയില്ലെങ്കിലും ഡയലോഗുകൾ പഠിച്ച് മനോഹരമായി അഭിനയിക്കാൻ സാധിക്കുമെന്നും സിനിമയിൽ അവർ എങ്ങനെ പ്രകടനം നടത്തുന്നു എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ആരാധകർ കുറിച്ചു. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘ഏക് ദിൻ’ എന്ന ചിത്രത്തിൽ ജുനൈദ് ഖാനൊപ്പമാണ് സായ് പല്ലവി അഭിനയിക്കുന്നത്. മെയ് ഒന്നിനാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.




