Featured Travel

റോഡില്ല, വൈദ്യുതിയില്ല; 144 വർഷം മുൻപുള്ള കേദാർനാഥിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹിന്ദ്ര- അപൂർവ്വ ചിത്രം

ഈ വർഷത്തെ കേദാർനാഥ് യാത്രയ്ക്ക് തുടക്കമായ പശ്ചാത്തലത്തിൽ, 144 വർഷം പഴക്കമുള്ള കേദാർനാഥ് ക്ഷേത്രത്തിന്റെ അപൂർവ്വ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവാൻ ശിവന്റെ ഈ പുണ്യസങ്കേതം ശീതകാലത്തിന് ശേഷം തീർത്ഥാടകർക്കായി വീണ്ടും തുറന്നിരിക്കുകയാണ്. യാത്ര ആരംഭിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്.

ഏപ്രിൽ 26-ന് എക്സിലൂടെയാണ് (ട്വിറ്റർ) മഹീന്ദ്ര ഈ ചിത്രം പങ്കുവെച്ചത്. 1882-ൽ എടുത്ത ഈ ചിത്രം കേദാർനാഥ് ധാമിന്റേതായി ലഭ്യമായ ഏറ്റവും പഴയ ഫോട്ടോകളിൽ ഒന്നാണെന്ന് കരുതപ്പെടുന്നു. അക്കാലത്ത് ഇന്നത്തെപ്പോലെ റോഡുകളോ റെയിൽവേയോ ഹെലികോപ്റ്റർ സൗകര്യങ്ങളോ ഇല്ലായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹിമാലയത്തിന്റെ മടിത്തട്ടിലെ ഈ ശിവക്ഷേത്രത്തിലേക്കുള്ള യാത്ര അക്കാലത്ത് കഠിനമായ പ്രയത്നവും സമയവും അചഞ്ചലമായ വിശ്വാസവും ആവശ്യപ്പെട്ടിരുന്ന ഒന്നായിരുന്നു. ഇന്ന് യാത്രകൾ സുഗമമായത് കൂടുതൽ ആളുകൾക്ക് ദർശനം സാധ്യമാക്കുന്നുണ്ടെങ്കിലും, പഴയകാലത്തെ ആ സാവധാനത്തിലുള്ള തീർത്ഥാടന അനുഭവങ്ങൾ നമുക്ക് നഷ്ടമാകുന്നുണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു.

ഈ സീസൺ ആരംഭിച്ച് ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഒരു ലക്ഷത്തിലധികം ഭക്തർ കേദാർനാഥിൽ എത്തിയതായാണ് കണക്കുകൾ. ഉത്തരാഖണ്ഡ് സർക്കാരിന്റെ മികച്ച ആസൂത്രണവും അടിസ്ഥാന സൗകര്യ വികസനവുമാണ് തിരക്ക് നിയന്ത്രിക്കാൻ സഹായിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,584 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. കടുത്ത മഞ്ഞുവീഴ്ച കാരണം വർഷത്തിൽ നിശ്ചിത കാലയളവിൽ മാത്രമേ ഇവിടേക്ക് പ്രവേശനമുണ്ടാകൂ.

തീർത്ഥാടനത്തിന് എത്തുന്നവർക്ക് ഇത്തവണയും രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഉത്തരാഖണ്ഡ് ടൂറിസം പോർട്ടൽ വഴിയോ ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ സ്ഥലങ്ങളിലെ കൗണ്ടറുകൾ വഴിയോ രജിസ്റ്റർ ചെയ്യാം. കുന്നുകൾ കയറിയുള്ള പരമ്പരാഗതമായ കാൽനടയാത്ര വഴിയോ അല്ലെങ്കിൽ ഹെലികോപ്റ്റർ സർവീസ് വഴിയോ ഭക്തർക്ക് ക്ഷേത്രത്തിൽ എത്താം. കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുത്ത് മതിയായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ തീർത്ഥാടകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.