ആന്ധ്രപ്രദേശിലെ അനന്തപുരിൽ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനും കൊലപാതകികളെ കുടുക്കാനും പൊലീസിനെ സഹായിച്ചത് ഒരു പപ്പട പാക്കറ്റ്. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഗുരുരാജു റാവു എന്നയാളാണ് ഇവിടെ ക്രൂരമായി കൊല്ലപ്പെട്ടത്.
ഈ കേസിൽ കർണാടകയിലെ ബെല്ലാരി സ്വദേശികളായ ബസവരാജു (31), കോട്രേഷ് (36) എന്നിവരെ രായദുർഗം പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളും സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്തവരാണ്. പണത്തിന് വേണ്ടി മാത്രമാണ് ഇവർ ഈ കൊലപാതകം നടത്തിയതെന്നും, അതിനുശേഷം തെളിവുകൾ പൂർണ്ണമായി നശിപ്പിക്കാൻ മൃതദേഹം കത്തിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 23നാണ് അനന്തപുർ ജില്ലയിലെ പുലാകുർത്തി ഗ്രാമത്തിലുള്ള ഒരു കൃഷിയിടത്തിൽ വച്ച് മൃതദേഹം കണ്ടെത്തിയത്. ദൃക്‌സാക്ഷികളോ മറ്റ് സൂചനകളോ ഇല്ലാത്തതിനാൽ കേസ് അന്വേഷണം പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ സംഭവസ്ഥലത്തുനിന്നും കത്തിയ ഒരു കന്നഡ പത്രം, വസ്ത്രങ്ങൾ, പൂണൂൽ എന്നിവയ്ക്കൊപ്പം ഒരു പപ്പട പാക്കറ്റ് കൂടി പൊലീസിന് ലഭിച്ചു. ഈ പാക്കറ്റാണ് പിന്നീട് കേസിൽ വഴിത്തിരിവായത്.
ചെന്നൈയിലുള്ള ഒരു പപ്പട നിർമാണശാലയുടേതായിരുന്നു ആ പാക്കറ്റ്. അവിടെനിന്ന് ബെല്ലാരി വരെയുള്ള അതിന്റെ വിതരണക്കാരെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുരുരാജു റാവു എന്ന പപ്പടം കച്ചവടക്കാരനെ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടത് ഗുരുരാജു തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു.
കൊലപാതകത്തിന് ശേഷം ഗുരുരാജുവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് ആരോ പണം പിൻവലിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളിലൊരാളുടെ ദൃശ്യം ലഭിച്ചത്. പിന്നീട് ഫോൺ രേഖകളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ചതോടെ രണ്ടാമത്തെ പ്രതിയെയും വലയിലാക്കാൻ പൊലീസിന് കഴിഞ്ഞു.
പപ്പടം കച്ചവടത്തിൽ നിന്നും ക്ഷേത്രങ്ങളിലെ ജോലികളിൽ നിന്നും ഗുരുരാജു റാവുവിന് ധാരാളം പണം സമ്പാദ്യമുണ്ടെന്ന് കരുതിയാണ് പ്രതികൾ ഇയാളെ ലക്ഷ്യം വെച്ചതെന്ന് അനന്തപുർ ജില്ലാ എസ്പി പി. ജഗദീഷ് പറഞ്ഞു. ഗുരുരാജുവിനെ തന്ത്രപൂർവ്വം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ബൈക്കും മൊബൈൽ ഫോണും എടിഎം കാർഡുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.




