ബ്രോക്കോളി, പ്രത്യേകിച്ച് അതിന്റെ മുളപ്പിച്ച വിത്തുകൾ ക്യാൻസറിനെ പ്രതിരോധിക്കുമെന്നും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുമെന്നുമുള്ള അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. എന്നാൽ ഇതിന്റെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് ഡോക്ടർ കുനാൽ സൂദ് വിശദീകരിക്കുന്നു.
ബ്രോക്കോളിയിൽ ‘സൾഫോറാഫേൻ’ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാനും കോശങ്ങളിലെ വീക്കവും (Inflammation) സമ്മർദ്ദവും കുറയ്ക്കാനും സഹായിക്കുന്നു. ഈ ഗുണങ്ങൾ കാരണമാണ് ബ്രോക്കോളി ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പറയുന്നത്.
എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ ബ്രോക്കോളി നേരിട്ട് ക്യാൻസർ തടയുന്ന ഒന്നാണെന്ന് പറയാൻ കഴിയില്ലെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ബ്രോക്കോളിയിലെ സൾഫോറാഫേൻ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്നുണ്ടെങ്കിലും, ഇതിന് ക്യാൻസറിനെ നേരിട്ട് ഇല്ലാതാക്കാൻ കഴിയുമെന്ന് മനുഷ്യരിൽ നടത്തിയ പഠനങ്ങളിൽ പൂർണ്ണമായി തെളിയിക്കപ്പെട്ടിട്ടില്ല. ലബോറട്ടറികളിലും മൃഗങ്ങളിലും നടത്തിയ പഠനങ്ങളിലാണ് ഇത്തരമൊരു സൂചന ലഭിച്ചത്. അതിനാൽ ഇതിനെ ഒരു അത്ഭുത മരുന്നായി കാണുന്നത് ശരിയല്ല.
ബ്രോക്കോളിയിൽ നിന്ന് പരമാവധി ഗുണം ലഭിക്കാൻ അത് ചെറുതായി അരിഞ്ഞോ അല്ലെങ്കിൽ നന്നായി ചവച്ചോ കഴിക്കണമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു. ഇത് സൾഫോറാഫേൻ സജീവമാകാൻ സഹായിക്കും. ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെങ്കിലും, അത് ആരോഗ്യകരമായ ഒരു ജീവിതശൈലിയുടെ ഭാഗമായിരിക്കണം. മികച്ച ഭക്ഷണം, വ്യായാമം എന്നിവയ്‌ക്കൊപ്പം ബ്രോക്കോളി കഴിക്കുന്നതാണ് ഉചിതം, അല്ലാതെ ഇതൊരു രോഗത്തിനുള്ള ഏക പരിഹാരമായി കാണരുത്.




