കരൾരോഗങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭക്ഷണക്രമത്തിനാണ് നമ്മൾ സാധാരണയായി മുൻഗണന നൽകുന്നത്. എണ്ണ കുറയ്ക്കുക, സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക, മദ്യപാനം നിയന്ത്രിക്കുക എന്നിവയൊക്കെ പ്രധാനമാണെന്നതിൽ തർക്കമില്ല. എന്നാൽ കരളിന്റെ ആരോഗ്യത്തിനായി ദിവസേനയുള്ള വ്യായാമത്തിന് വലിയ പങ്കുണ്ടെന്ന കാര്യം പലരും തിരിച്ചറിയുന്നില്ല. ക്ലിനിക്കൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം, കൃത്യമായ വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുന്നത് കരൾ വീക്കം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
നമ്മുടെ ശരീരത്തിലെ ഏറ്റവും കഠിനാധ്വാനം ചെയ്യുന്ന അവയവങ്ങളിൽ ഒന്നാണ് കരൾ. വിഷാംശങ്ങൾ നീക്കം ചെയ്യാനും പോഷകങ്ങൾ സംസ്കരിക്കാനും ദഹനം സുഗമമാക്കാനും കരൾ അത്യാവശ്യമാണ്. എന്നാൽ മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയും വ്യായാമമില്ലായ്മയും അമിത കലോറിയുള്ള ഭക്ഷണരീതിയും കരളിലെ കൊഴുപ്പ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇതിനെ പ്രതിരോധിക്കാൻ ആഴ്ചയിൽ 150 മുതൽ 200 മിനിറ്റ് വരെ മിതമായ വ്യായാമം അത്യാവശ്യമാണെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
കരളിന്റെ ആരോഗ്യത്തിനായി ദിവസവും വെറും 5 മിനിറ്റ് നീക്കിവെക്കാവുന്ന ലളിതമായ ചില വ്യായാമങ്ങൾ ശീലിക്കാവുന്നതാണ്. ആദ്യം രണ്ടോ മൂന്നോ മിനിറ്റ് വേഗത്തിലുള്ള നടത്തം ശീലിക്കുക. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ഒന്ന് മുതൽ രണ്ട് മിനിറ്റ് വരെ ‘കപാൽഭാതി പ്രാണായാമം’ ചെയ്യുന്നത് വയറിലെ അവയവങ്ങളെ ഉത്തേജിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത് ചെയ്യാവൂ.
കരളിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന മറ്റ് രണ്ട് യോഗാസനങ്ങളാണ് ‘ഭുജംഗാസനവും’ ‘പവനമുക്താസനവും’. ഭുജംഗാസനം വയറിലെ പേശികൾക്ക് വലിയ നൽകുകയും കരളിന് കൂടുതൽ രക്തം എത്തിക്കുകയും ചെയ്യുന്നു. പവനമുക്താസനം ദഹനം മെച്ചപ്പെടുത്താനും വയറിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കും. ഇത്തരം ലളിതമായ വ്യായാമങ്ങൾ ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുകയും കരളിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
വ്യായാമത്തിന്റെ തീവ്രതയേക്കാൾ അത് എല്ലാദിവസവും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് പ്രധാനം. ആഴ്ചയിലൊരിക്കൽ കഠിനമായ വ്യായാമം ചെയ്യുന്നതിനേക്കാൾ ഗുണകരം ദിവസവും 10 മിനിറ്റ് നീക്കിവെക്കുന്നതാണ്. ഇതിനോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം. കൃത്യമായ ഉറക്കവും കരളിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ചെറിയ മാറ്റങ്ങളിലൂടെ ശരീരത്തിലെ ഈ പ്രധാന അവയവത്തെ സംരക്ഷിക്കാൻ ഇന്ന് മുതൽ തന്നെ തയ്യാറെടുക്കാം.




