Crime

‘ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു, അശ്ലീല വീഡിയോ അനുകരിക്കണം, സുഹൃത്തുക്കളോട് ബന്ധപ്പെടണം’; പരാതിയുമായി ഭര്‍ത്താവ്

ഭാര്യയ്ക്കെതിരെ ലൈംഗിക പീഡനവും വഞ്ചനയും ആരോപിച്ച് ബെംഗളൂരുവിലെ നാഗരഭാവി സ്വദേശിയായ 37 കാരൻ പോലീസിൽ പരാതി നൽകി. ദാമ്പത്യജീവിതത്തിൽ ഭാര്യാവീട്ടുകാർ അനാവശ്യമായി ഇടപെടുന്നുവെന്നും ഇത് തങ്ങൾക്കിടയിൽ നിരന്തര തർക്കങ്ങൾക്ക് കാരണമാകുന്നുവെന്നും യുവാവ് ആരോപിക്കുന്നു. 2022 മാർച്ചിനും 2024 സെപ്റ്റംബറിനും ഇടയിലുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 17-ന് ബെംഗളൂരു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

31 കാരിയായ ഭാര്യ ശില്പയ്ക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ വിവാഹിതരായ ഇവർ ജക്കൂറിലെ വില്ലയിലാണ് താമസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ വീട്ടിലേക്ക് കടക്കാൻ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ലെന്ന് യുവാവ് പറയുന്നു. മകളെ ഉപേക്ഷിക്കാൻ ഭാര്യാമാതാവ് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മകൾക്ക് മറ്റൊരു വിവാഹം ആലോചിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്. തന്നെ ഭീഷണിപ്പെടുത്താനായി ഭാര്യാപിതാവ് ആളുകളെ അയച്ചതായും യുവാവ് പോലീസിനോട് പറഞ്ഞു.

ഭാര്യയുടെ ആഡംബര ജീവിതശൈലിയും മദ്യപാനവും തങ്ങൾക്കിടയിൽ പ്രശ്നമായിരുന്നുവെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. തന്റെ സാമ്പത്തിക സ്ഥിതിയെ നിരന്തരം പരിഹസിച്ച് ഭാര്യ തന്നെ മാനസികമായി വിഷമിപ്പിച്ചിരുന്നു. ഇതിനുപുറമെ, ശാരീരികവും ലൈംഗികവുമായ പീഡനങ്ങളും താൻ അനുഭവിച്ചിട്ടുണ്ട്. അശ്ലീല ദൃശ്യങ്ങൾ കാണിച്ചുതന്ന് അതുപോലെ ചെയ്യാൻ നിർബന്ധിക്കുകയും തന്റെ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

ഭാര്യയ്ക്ക് മുൻ കാമുകന്മാരുമായി ഇപ്പോഴും ബന്ധമുണ്ടെന്നും സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ അവർ നിർബന്ധിച്ചിരുന്നതായും യുവാവ് പറയുന്നു. 2024 ജൂലൈയിൽ ഇക്കാര്യങ്ങൾ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് സെപ്റ്റംബറിൽ തന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. ഈ സമയത്ത് ഭാര്യയെ വീട്ടുകാർ ചെന്നൈയിലേക്ക് മാറ്റി. ലാപ്ടോപ്പും യൂണിഫോമും മാത്രമാണ് കയ്യിലുള്ളതെന്നും സ്വർണമടക്കമുള്ള മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ തിരികെ ലഭിക്കാൻ പോലീസ് ഇടപെടണമെന്നും യുവാവ് ആവശ്യപ്പെട്ടു.

നിലവിൽ ബെംഗളൂരു പോലീസ് കേസ് അന്വേഷിച്ചുവരികയാണ്. ഇതിനിടെ യുവാവിനെതിരെ ഭാര്യ തമിഴ്നാട്ടിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിന്മേൽ അവിടെയും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. ദമ്പതികൾ തമ്മിലുള്ള തർക്കം ഇപ്പോൾ രണ്ട് സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകളിലായി നിയമപോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.