സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയോട് 0-2ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ഭാവി നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. കോച്ചിന്റെ സമീപകാല പത്രസമ്മേളനത്തിലെ പരാമർശങ്ങൾ കാരണം ബിസിസിഐ (കൺട്രോൾ ബോർഡ് ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ) അതൃപ്തരാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് അദ്ദേഹത്തിൻ്റെ വിവാദ ടീം രീതികളെ ചൊല്ലിയുള്ള വിമർശനങ്ങളുടെ ആക്കം കൂട്ടിയിരിക്കുകയാണ്. നിലവിൽ ഗംഭീറിന് ബോർഡിൻ്റെ പിന്തുണയുണ്ടെങ്കിലും, 2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ ഈ പ്രശ്‌നങ്ങൾ ബാധിക്കുകയാണെങ്കിൽ കാര്യങ്ങൾ പെട്ടെന്ന് മാറിയേക്കാമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ കോച്ച് ഗൗതം ഗംഭീറിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബി.സി.സി.ഐ. ഗംഭീറില്‍ വിശ്വാസം അര്‍പ്പിക്കുന്നത് തുടരുകയാണെന്നും അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ ഗംഭീറിന് പകരം വി.വി.എസ്. ലക്ഷ്മണിനെ നിയോഗിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്ക് ശേഷം യോഗം ചേരുമെന്നു ബോര്‍ഡ് വ്യക്താക്കി. താന്‍ പരിശീലകനായി തുടരണമോയെന്ന് തീരുമാനിക്കേണ്ടത് ബോര്‍ഡാണെന്ന് ഗംഭീര്‍ പ്രതികരിച്ചിരുന്നു.
ദയനീയ തോൽവിയെത്തുടർന്ന്, ഗംഭീറിന്റെ മത്സരശേഷമുള്ള പത്രസമ്മേളനം പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. പരസ്യമായി കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോഴും, കോച്ചിന്റെ ധിക്കാരപരമായ നിലപാട് ബിസിസിഐ നേതൃത്വത്തിന് അത്ര രസിച്ചിട്ടില്ല.
‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് അനുസരിച്ച്, ഗംഭീറിന്റെ തുറന്നുപറച്ചിലുകൾ, പ്രത്യേകിച്ച് കൊൽക്കത്ത ടെസ്റ്റിന് ശേഷമുള്ള പിച്ചിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ, അനാവശ്യമായിരുന്നതായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവനകളുടെ സ്വരത്തിലും ഉള്ളടക്കത്തിലും ബോർഡിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
ഇന്ത്യയുടെ ടെസ്റ്റ് റെക്കോർഡ്, പ്രത്യേകിച്ച് സ്വന്തം നാട്ടിലെ പ്രകടനം, ബിസിസിഐയുടെ പ്രധാന ആശങ്കയാണ്. ഗംഭീറിഐ നേതൃത്വത്തിൽ ടീം സ്വന്തം നാട്ടിൽ നിരവധി പരമ്പര തോൽവികൾ നേരിട്ടു. രാഹുൽ ദ്രാവിഡ്, രവി ശാസ്ത്രി തുടങ്ങിയ ഗംഭീറിന്റെ മുൻഗാമികൾക്ക് കീഴിൽ ഇന്ത്യൻ ക്രിക്കറ്റിന് ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യമാണിത്.
മുൻ കളിക്കാരിൽ നിന്നും വിദഗ്ധരിൽ നിന്നുമുള്ള പ്രധാന വിമർശനങ്ങളിൽ ഒന്ന്, സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാൻമാരുടെയും ബൗളർമാരുടെയും സ്ഥാനത്ത് ഓൾറൗണ്ടർമാരെ/പാർട്ട് ടൈമർമാരെ അമിതമായി ആശ്രയിക്കുന്നു എന്നതാണ്. ഈ തന്ത്രപരമായ സമീപനം അഞ്ച് ദിവസത്തെ ഫോർമാറ്റിലെ വിജയത്തിന് ആവശ്യമായ അടിത്തറയെ ദുർബലപ്പെടുത്തിയതായും വിശ്വസിക്കപ്പെടുന്നു.
ഇംഗ്ലണ്ടില്‍ പരമ്പര സമനിലയാക്കിയതും ചാമ്പ്യന്‍സ് ലീഗും ഏഷ്യാ കപ്പും നേടിയതും തന്റെ കീഴിലാണ്. പരമ്പരയിലെ തോല്‍വിക്ക് ഓരോ വ്യക്തിയും ഉത്തരവാദികളാണെന്നും ഗംഭീര്‍ പറഞ്ഞു.




