Featured Sports

സ്ലാവ്കോ വിൻസിച്ച്; സ്പെയിന് ഭാഗ്യ റഫറി, അർജന്റീനയ്ക്ക് പേടിസ്വപ്നം; സൗദിയോട് തോറ്റ മത്സരത്തിലെ റഫറി

ജൂലൈ 19 ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീന സ്പെയിനെ നേരിടാൻ ഒരുങ്ങുകയാണ്. അർജന്റീനയെ സംബന്ധിച്ച് ഇത് ചരിത്രപ്രധാനമായ മത്സരമാണ്. അടുപ്പിച്ചു രണ്ട് തവണ ലോകകപ്പ് നേടുന്ന രണ്ടാമത്തെ ടീമെന്ന ബഹുമതിയും, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ക്യാപ്റ്റൻ എന്ന റെക്കോർഡ് ലയണൽ മെസ്സിക്കും സ്വന്തമാക്കാനുള്ള അവസരമാണിത്. എന്നാൽ ഫൈനൽ നിയന്ത്രിക്കാനുള്ള റഫറിയുടെ തിരഞ്ഞെടുപ്പ് അർജന്റീന ക്യാമ്പിൽ ചെറിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.

ഈ ആവേശപ്പോരാട്ടത്തിന് മുന്നോടിയായി, 46 കാരനായ സ്ലൊവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ചിനെ ഫൈനൽ നിയന്ത്രിക്കാൻ ഫിഫ റഫറി കമ്മിറ്റി ചെയർമാൻ പിയർലൂജി കൊളീന നിയോഗിച്ചു. ഒരു ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന ആദ്യ സ്ലൊവേനിയൻ റഫറിയെന്ന ചരിത്ര നേട്ടമാണ് ഇതോടെ വിൻസിച്ചിനെ തേടിയെത്തുന്നത്.

എന്നാൽ അർജന്റീനയെ സംബന്ധിച്ച് ഈ റഫറിയുടെ സാന്നിധ്യം വലിയ ആശങ്കയ്ക്ക് കാരണമായേക്കാം. വിൻസിച്ച് ഇതുവരെ അർജന്റീനയുടെ ഒരേയൊരു മത്സരം മാത്രമാണ് നിയന്ത്രിച്ചിട്ടുള്ളത്, അത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലാണ് അവസാനിച്ചത്. 2022 ഫിഫ ലോകകപ്പിൽ ലയണൽ മെസ്സിയുടെ ടീം സൗദി അറേബ്യയോട് 2-1 ന് പരാജയപ്പെട്ടത് വിൻസിച്ച് റഫറിയായ മത്സരത്തിലായിരുന്നു.

പക്ഷേ, ആ മത്സരത്തിൽ വിൻസിച്ചിന്റെ തീരുമാനങ്ങൾ ഒന്നുംതന്നെ വിവാദപരമായിരുന്നില്ല. മത്സരത്തിന്റെ തുടക്കത്തിൽ അർജന്റീനയ്ക്ക് അനുകൂലമായി അദ്ദേഹം പെനാൽറ്റി അനുവദിക്കുകയും ലയണൽ മെസ്സി അത് ഗോളാക്കി ടീമിന് ലീഡ് നൽകുകയും ചെയ്തിരുന്നു. കൂടാതെ സൗദി കളിക്കാരുടെ ഫൗളുകൾക്ക് എതിരെ എട്ടോളം തവണയാണ് അദ്ദേഹം വിസിൽ മുഴക്കിയത്. എങ്കിലും ഫിഫ ലോകകപ്പിൽ അർജന്റീന അവസാനമായി പരാജയപ്പെട്ടത് ഈ മത്സരത്തിലായിരുന്നു. ഒപ്പം അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനയുടെ 36 മത്സരങ്ങളുടെ തോൽവി അറിയാതെയുള്ള കുതിപ്പിന് അറുതിവരുത്തിയതും ഇതേ മത്സരമാണ്.

മറുഭാഗത്ത്, സ്പെയിനിന്റെ ചരിത്രപ്രധാനമായ പല വലിയ മത്സരങ്ങളും നിയന്ത്രിച്ചിട്ടുള്ളത് സ്ലാവ്കോ വിൻസിച്ച് ആണ്. 2017-ൽ കൊളംബിയക്കെതിരായ സൗഹൃദ മത്സരത്തിലാണ് അദ്ദേഹം ആദ്യമായി സ്പെയിനിന്റെ കളി നിയന്ത്രിക്കുന്നത്. പിന്നീട് യൂറോ 2020 ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനും സ്വീഡനും തമ്മിലുള്ള മത്സരവും അദ്ദേഹം നിയന്ത്രിച്ചു. 2023 ലെ യുവേഫ നേഷൻസ് ലീഗ് സെമി ഫൈനലിൽ സ്പെയിൻ ഇറ്റലിയെ തോൽപ്പിച്ചപ്പോഴും വിൻസിച്ച് ആയിരുന്നു റഫറി. സ്പെയിനിന്റെ കൗമാര വിസ്മയം ലമീൻ യമാൽ ടീമിലെത്തിയ ശേഷം, യൂറോ 2024 ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിൻ ഇറ്റലിയെ 1-0 ന് തോൽപ്പിച്ച മത്സരവും, സെമി ഫൈനലിൽ ഫ്രാൻസിനെ 2-1 ന് തകർത്ത ചരിത്ര വിജയവും നിയന്ത്രിച്ചത് ഇതേ റഫറി തന്നെയായിരുന്നു. ചുരുക്കത്തിൽ, വിൻസിച്ച് കളി നിയന്ത്രിച്ചപ്പോൾ അർജന്റീന തങ്ങളുടെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടപ്പോൾ, സ്പെയിനാകട്ടെ അവരുടെ ഏറ്റവും വലിയ വിജയങ്ങളാണ് ആഘോഷിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *