Crime

സഹനടിയെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടി; രാജ്യം നടുങ്ങിയ കൊലപാതകക്കേസ് വീണ്ടും ചർച്ചയാകുമ്പോൾ

നടി ലൈല ഖാനും അവരുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങളും ഒരു സൂചനയുമില്ലാതെ അപ്രത്യക്ഷമായി പതിനഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും, ഇന്ത്യയിലെ ഏറ്റവും ഭയപ്പെടുത്തുന്ന കുടുംബ കൊലപാതക രഹസ്യങ്ങളിലൊന്നായി ഈ സംഭവം അവശേഷിക്കുന്നു. ഒരു ഫാം ഹൗസിൽ കുഴിച്ചിട്ട ആറ് മൃതദേഹങ്ങൾ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു രണ്ടാം ഭർത്താവ്, ഇനിയും പിടികിട്ടാത്ത കൊലപാതകത്തിലെ കൂട്ടുപ്രതി എന്നിവരിലാണ് ഈ കേസ് അവസാനിച്ചത്.

2008-ൽ രാജേഷ് ഖന്നയോടൊപ്പം ‘വഫാ: എ ഡെഡ്‌ലി ലവ് സ്റ്റോറി’ എന്ന ചിത്രത്തിൽ അഭിനയിച്ച് ശ്രദ്ധേയയായ നടി ലൈല ഖാൻ, അവരുടെ അമ്മ സെലീന, മറ്റ് നാല് കുടുംബാംഗങ്ങൾ എന്നിവർ 2011-ലാണ് കാണാതാകുന്നത്. ഈ കാണാതാകൽ കേസിന്റെ അന്വേഷണമാണ് ആസൂത്രിതമായി നടന്ന ഒരു കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വർഷങ്ങൾക്ക് ശേഷം, ഈ കേസ് അന്വേഷിച്ച മുൻ മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ അംബാദാസ് പോട്ടെ, പ്രശസ്ത ക്രൈം ത്രില്ലർ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഹുസൈൻ സൈദിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ കേസ് ഓർത്തെടുക്കുകയുണ്ടായി. ഒരു കാണാതാകൽ പരാതി എങ്ങനെയാണ് രാജ്യത്തെ ഏറ്റവും ക്രൂരമായ ഒരു കൊലപാതക അന്വേഷണമായി മാറിയതെന്ന് അദ്ദേഹം വിവരിച്ചു.

പോലീസിന്റെ വിവരമനുസരിച്ച് ലൈലയുടെ അമ്മ സെലീനയുടെ മൂന്നാമത്തെ ഭർത്താവായ പർവേസ് തക് എന്നയാളോടൊപ്പമാണ് കുടുംബം ഓഷിവാരയിൽ താമസിച്ചിരുന്നത്. ലൈല സിനിമയിൽ അഭിനയിക്കുന്നതിനെ തക് ശക്തമായി എതിർത്തിരുന്നു. കൂടാതെ ലൈല തന്നോട് പെരുമാറുന്ന രീതിയിലും അയാൾക്ക് വിയോജിപ്പുണ്ടായിരുന്നു. ഇക്കാര്യങ്ങൾ സെലീനയോട് പറയുമ്പോഴൊക്കെ അവർ അത് തള്ളിക്കളയുകയായിരുന്നു പതിവ്. കുടുംബത്തിന്റെ സ്വത്തുക്കളെച്ചൊല്ലിയുള്ള തർക്കങ്ങളും ലൈല ജോലി ആവശ്യത്തിനായി ദുബായിലേക്ക് മാറണമെന്ന തക്കിന്റെ നിർദ്ദേശം അവർ നിരസിച്ചതുമാണ് കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാൻ അയാൾ പദ്ധതിയിടാൻ കാരണം. ഇഗത്പുരിയിലുള്ള കുടുംബത്തിന്റെ ഫാം ഹൗസിൽ തന്റെ ഒരു സഹായിയെ വാച്ചറായി തക് നേരത്തെ തന്നെ നിയമിച്ചിരുന്നു. അതിനുശേഷമാണ് കുടുംബത്തോട് കുറച്ചുദിവസം അവിടെപ്പോയി താമസിക്കാൻ അയാൾ ആവശ്യപ്പെട്ടത്.

ഫാം ഹൗസിലേക്ക് പോയ കുടുംബം ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ, സെലീനയുടെ ആദ്യ ഭർത്താവ് നാദിർഷാ പോലീസിൽ കാണാതാകൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുടുംബത്തിന്റെ മുംബൈയിലെ വീട്ടിൽ നിന്ന് തക്കിന്റെ തിരിച്ചറിയൽ രേഖകൾ പോലീസിന് ലഭിച്ചു. ഇതോടെ അന്വേഷണം തക്കിലേക്ക് നീളുകയും മുംബൈ പോലീസും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ കശ്മീരിൽ വെച്ച് അയാൾ പിടിയിലാവുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തക് കുറ്റം സമ്മതിച്ചു. സംഭവദിവസം രാത്രി ഫാം ഹൗസിൽ വെച്ച് എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിച്ചതിനുശേഷം ഉറങ്ങാൻ കിടന്ന സമയത്താണ് തകും സഹായിയും ചേർന്ന് ഇരുമ്പ് വടികളും കത്തിയും ഉപയോഗിച്ച് ഇവരെ ആക്രമിച്ചത്. പരിക്കേറ്റിട്ടും ലൈലയുടെ സഹോദരൻ ഇമ്രാൻ കുടുംബത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തക് എല്ലാവരെയും ക്രൂരമായി കൊലപ്പെടുത്തി. അന്വേഷണം വഴിതിരിച്ചുവിടാനായി കുടുംബത്തിന്റെ വാഹനം ജമ്മുവിലേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു.

ഫാം ഹൗസിൽ നീന്തൽക്കുളം നിർമ്മിക്കാൻ എടുത്ത കുഴിക്കുള്ളിലാണ് മൃതദേഹങ്ങൾ മൂടിയത്. ആദ്യം മൂന്ന് മൃതദേഹങ്ങൾ വെച്ച ശേഷം അതിനു മുകളിൽ മെത്തകളും തലയിണകളും ഇട്ടു. പിന്നീട് ബാക്കി മൂന്ന് മൃതദേഹങ്ങൾ കൂടി ഇതിനു മുകളിലായി വെച്ച് കുഴി മണ്ണും ചരലും ഉപയോഗിച്ച് മൂടുകയായിരുന്നു. പോലീസ് ഫാം ഹൗസിൽ എത്തിയപ്പോൾ മഴ പെയ്തതു കാരണം കുഴിയുടെ മുകൾഭാഗത്തെ മണ്ണ് ഒരല്പം താഴ്ന്നു കിടന്നിരുന്നത് സംശയത്തിന് കാരണമായി. ആറ് മണിക്കൂറിലധികം നീണ്ട ഖനനത്തിനൊടുവിലാണ് മനുഷ്യ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പിന്നീട് ഡോക്ടർമാർ ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു.

2012-ൽ തക് അറസ്റ്റിലായ സമയത്ത് അന്നത്തെ മുംബൈ ജോയിന്റ് പോലീസ് കമ്മീഷണർ (ക്രൈം) ഹിമാൻഷു റോയ് പറഞ്ഞത്, പർവേസ് തക് അതീവ ക്രൂരനും കൗശലക്കാരനുമായ കുറ്റവാളിയാണെന്നും നിയമത്തിൽ നിന്ന് ആർക്കും രക്ഷപ്പെടാനാകില്ലെന്നുമാണ്. ഒരു പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, 2024-ൽ മുംബൈ സെഷൻസ് കോടതി പർവേസ് തക്കിന് വധശിക്ഷ വിധിച്ചു. ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൂട്ടക്കൊലപാതകമാണിതെന്നും, കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ വളരെ ആസൂത്രിതമായി നീങ്ങിയതിനാലാണ് 17 മാസത്തോളം ഈ സംഭവം പുറത്തറിയാതെ പോയതെന്നും കോടതി വ്യക്തമാക്കി. അതേസമയം, കൊലപാതകം നടത്താൻ തക്കിനെ സഹായിച്ച പ്രതിയെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ലെന്ന് മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *