ഇൻസ്റ്റഗ്രാം റീലിലൂടെയുള്ള വ്യാജ ലൈംഗിക ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതിയായ ഷിംജിത ഒളിവിലെന്ന് സൂചന. ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് യുവതി ഒളിവിൽ പോയത്. പ്രതിയെ പിടികൂടാൻ പോലീസ് ജാഗ്രത കാണിക്കണമെന്നും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. നിരപരാധിയായ യുവാവ് അപമാനഭാരത്താൽ ജീവനൊടുക്കിയ ഈ സംഭവം വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടെ സൈബറിടത്ത് വൈറലാകുന്ന ഒരു വിഡിയോ ഉണ്ട്.തിരക്കുള്ള ബസില്‍ ഫോണിന്‍റെ ക്യാമറ ഓണാക്കി നില്‍ക്കുന്ന ഒരു വല്യപ്പന്‍ തൊട്ടുമുന്നില്‍ നില്‍ക്കുന്ന യുവതി ബസ് ഓടുന്നതിനിടെ ടച്ച് ചെയ്യുന്നതും ‘ടച്ച് ചെയ്താല്‍ നമ്മക്കും അറിയാം വിഡിയോ എടുക്കാന്‍’ എന്ന് പറയുന്നതും കാണാം. ബസില്‍ മധ്യവയസ്കന്‍ ക്യാമറ ഓണാക്കിയതിനാല്‍ രക്ഷപ്പെട്ടു എന്നാണ് വിഡിയോയിക്ക് കൊടുത്തിരിക്കുന്ന ക്യപ്ഷന്‍. വിഡിയോ ഇതിനോടകം 7 മില്യണ്‍ ആളുകള്‍ കണ്ടു.
എന്നാൽ, ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമല്ലെന്നും ഒരു ബോധവൽക്കരണ വീഡിയോ മാത്രമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. മണ്ണാർക്കാട് നിന്നുള്ള ഒരു കൂട്ടം കലാകാരന്മാരാണ് ഈ ദൃശ്യം ഒരുക്കിയത്. വീഡിയോയിൽ ‘വല്യപ്പൻ’ ആയി അഭിനയിച്ചത് നാസർ എന്ന വ്യക്തിയാണ്. പുരുഷന്മാർക്കെതിരെയും വ്യാജമായ ഇത്തരം ആരോപണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് മുൻകരുതൽ എടുക്കണമെന്നുമുള്ള സന്ദേശം നൽകാനാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് അവർ അറിയിച്ചു. ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ ഈ വീഡിയോ വലിയ തോതിൽ ശ്രദ്ധിക്കപ്പെടുകയാണ്.




