Spotlight

‘അടിച്ച് നിന്‍റെ കരണക്കുറ്റി പൊളിക്കും’; വോട്ടിന് പണം കൊടുത്തത് ചോദ്യം ചെയ്തതില്‍ ശോഭാ സുരേന്ദ്രന്‍റെ ഭീഷണി

പാലക്കാട് തിരുവക്കുറിശ്ശിയിൽ വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം നൽകിയത് ചോദ്യം ചെയ്തവരെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പണം നൽകിയ ശേഷം ശോഭ സഞ്ചരിച്ച കാറിൽ ഒരു ബിജെപി പ്രവർത്തക കയറുന്നത് കണ്ട് പിന്നാലെ എത്തിയവരാണ് വിവരം തിരക്കിയത്. ചില വീടുകളിൽ പണം നൽകുന്നത് കണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ, അത് ഈ പ്രവർത്തകയുടെ വല്യമ്മയാണെന്നായിരുന്നു ശോഭയുടെ മറുപടി.

കൂടുതൽ വിലസേണ്ട എന്ന് ശോഭ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഈ ഭാഷ മനസ്സിലാകുന്നില്ലെന്ന് വീഡിയോ പകർത്തിയ ആൾ പറഞ്ഞതോടെ ശോഭ കാറിൽ നിന്നിറങ്ങുകയും അനുവാദമില്ലാതെ വീഡിയോ എടുത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ചോദ്യം ചെയ്തയാളുടെ ദൃശ്യങ്ങൾ പകർത്താൻ കൂടെയുള്ളവരോട് ശോഭ ആവശ്യപ്പെട്ടു.

തങ്ങളുടെ വാർഡാണിതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞപ്പോൾ, അതിനെന്താണെന്ന് ചോദിച്ച ശോഭ അവരുടെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തെളിവ് ശേഖരിക്കുകയാണെന്ന് പറഞ്ഞവരോട് ‘നിങ്ങളുടെ തേങ്ങയിലെ എവിഡൻസ്’ എന്ന് പറഞ്ഞ് ശോഭ സ്വന്തം ഫോണിൽ വീഡിയോ എടുത്തു. തന്റെ അനുവാദമില്ലാതെ ഫോട്ടോ എടുക്കാൻ നീ ആരാണെന്നും അടിച്ച് കരണക്കുറ്റി പൊളിക്കുമെന്നും ശോഭ ക്ഷുഭിതയായി പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. കണ്ണാടി തിരുവക്കുറിശ്ശിയിൽ ബിജെപി വോട്ടിനായി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകരാണ് പുറത്തുവിട്ടത്.

സംഭവം വിവാദമായതോടെ പണം ലഭിച്ചുവെന്ന് കരുതുന്ന വയോധികയുടെ വീട്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എത്തി പരിശോധന നടത്തി. ആദ്യം പണം കിട്ടിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ വയോധിക, പിന്നീട് കുടുംബാംഗങ്ങൾ ഇടപെട്ടതോടെ അത് പെൻഷൻ പണമാണെന്ന് തിരുത്തിപ്പറഞ്ഞു. തുടർന്ന് ഇവരെ കുടുംബാംഗങ്ങൾ നിർബന്ധപൂർവ്വം വീടിനുള്ളിലേക്ക് കൊണ്ടുപോയി. ബിജെപി സ്ഥാനാർത്ഥിയും സംഘവും വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.