ടെഹ്റാൻ: ഇറാനിൽ പത്തൊൻപതുകാരിയായ ഗർഭിണിയെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തി. ഹെലിയ ഫത്താഹി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഹെലിയ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ആ ബന്ധത്തിൽ ഗർഭിണിയായെന്നും കഴിഞ്ഞയാഴ്ച വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതിൽ ദേഷ്യം വന്ന മാതാപിതാക്കൾ യുവതിയെ ക്രൂരമായി മർദിക്കുകയും അപസ്മാരത്തിനുള്ള ഗുളികകൾ ബലം പ്രയോഗിച്ച് കഴിപ്പിക്കുകയും ചെയ്തു. തുടർന്ന് തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
പടിഞ്ഞാറൻ ഇറാനിലെ സനന്ദജ് നഗരത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം. കേസിൽ മാതാപിതാക്കളായ വോറിയ ഫത്താഹിയെയും ലൈല വെയ്സിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഹെലിയക്കെതിരെ പരാതി നൽകാനായി മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് മകൾക്ക് 30 ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ചത്. ഗുളികകൾ കഴിച്ചിട്ടും മരണം സംഭവിക്കാത്തതിനെ തുടർന്നാണ് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നത്.
സംഭവത്തിൽ മനുഷ്യാവകാശ സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഹെൻഗാവ് ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ്, ഹന ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ എന്നീ സംഘടനകൾ ഈ സംഭവത്തെ ‘ദുരഭിമാനക്കൊല’ എന്നാണ് വിശേഷിപ്പിച്ചത്. ഇറാനിൽ സ്ത്രീകൾക്കെതിരെ തുടരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങളുടെ ഭീകരതയാണ് ഇത് വ്യക്തമാക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഹെലിയയുടെ മരണത്തെ അപലപിച്ച ഹെൻഗാവ്, ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മതിയായ നിയമപരിരക്ഷ ലഭിക്കുന്നില്ലെന്ന് വിമർശിച്ചു.
“ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി ഫലപ്രദമായ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഇറാൻ പരാജയപ്പെടുന്നതും, ദുരഭിമാനക്കൊല നടത്തുന്നവർക്കുള്ള നിയമപരമായ പഴുതുകളും ലഘുവായ ശിക്ഷകളും സ്ത്രീകളെ നിരന്തരമായ അതിക്രമങ്ങൾക്ക് ഇരയാക്കുന്നു. ഇത് കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാത്ത സാഹചര്യം വളർത്തുന്നു,” ഹെൻഗാവ് പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ശക്തമായ നിയമസംരക്ഷണം അനിവാര്യമാണെന്നും സംഘടനയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.




