Featured Spotlight

‘തട്ടിക്കൊണ്ടുപോയി, മതംമാറ്റി വിവാഹം കഴിപ്പിച്ചു’; പാക് കോടതിയില്‍ കരഞ്ഞുവിളിച്ച് ഹിന്ദു ബാലികമാര്‍

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് ഹിന്ദു പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കാതെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാന്‍ ടന്‍ഡോ അല്ലാഹ്യാർ ജില്ലാ കോടതി ഉത്തരവിട്ടു. തങ്ങളെ വീട്ടിലേക്ക് അയക്കണമെന്ന് പതിമൂന്നും പതിനാലും വയസ്സുള്ള പെണ്‍കുട്ടികള്‍ കോടതിയില്‍ കരഞ്ഞപേക്ഷിച്ചെങ്കിലും അധികൃതര്‍ തയ്യാറായില്ലെന്ന് സിന്ധി മനുഷ്യാവകാശ സംഘടനയായ സിന്ധ് റിനൈസൻസും പത്രപ്രവർത്തക വീംഗാസും വ്യക്തമാക്കി. കോടതിക്ക് പുറത്ത് മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പെണ്‍കുട്ടികള്‍ പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കച്ചി കോലി സമുദായാംഗങ്ങളായ സീത, രൂപി എന്നീ സഹോദരിമാരെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തുകയും അംജദ് സോളങ്കി, മൻസൂർ സോളങ്കി എന്നിവർക്ക് വിവാഹം ചെയ്തു നൽകുകയുമായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ടന്‍ഡോ അല്ലാഹ്യാറിൽ നിന്ന് തന്നെ പൻസി കോലി എന്ന 14 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയതായി വീംഗാസ് വെളിപ്പെടുത്തി. പ്രവിശ്യയില്‍ നിന്ന് 10 ദിവസത്തിനിടെ പ്രായപൂർത്തിയാകാത്ത ആറ് ഹിന്ദു പെൺകുട്ടികളാണ് ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകലിനും മതപരിവർത്തനത്തിനും ഇരയായത്.

പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കളുള്ള സിന്ധ് പ്രവിശ്യയിലെ കോലി, ഭീൽ, മേഘ്‌വാർ തുടങ്ങിയ പിന്നാക്ക സമുദായങ്ങളാണ് ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് ഇരയാകുന്നത്. കടുത്ത ദാരിദ്ര്യവും നിയമസഹായം ലഭിക്കാനുള്ള ബുദ്ധിമുട്ടുകളുമാണ് ഇവരെ കൂടുതല്‍ ദുർബലരാക്കുന്നത്. പ്രാദേശികമായി ശക്തമായ പ്രതിരോധം തീർക്കാൻ കഴിയാത്തത് ഇവർ നേരിടുന്ന വലിയ വെല്ലുവിളിയാണ്.

സിന്ധ് ചൈൽഡ് മാര്യേജ് റെസ്ട്രെയിന്റ് ആക്ട് പ്രകാരം വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 18 വയസ്സും പ്രായപൂർത്തിയാകാത്തവരുടെ വിവാഹം ജാമ്യമില്ലാ കുറ്റവുമാണ്. എന്നാൽ ഈ നിയമങ്ങളൊന്നും കുട്ടികളുടെ സംരക്ഷണത്തിന് സഹായിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ വധുക്കളായോ മതപരിവർത്തനം ചെയ്യപ്പെടേണ്ടവരായോ കാണരുതെന്ന് മനുഷ്യാവകാശ പ്രവർത്തകയായ ആയിഷ ഗിൽ വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ പ്രതിവർഷം നൂറുകണക്കിന് ഹിന്ദു പെൺകുട്ടികളാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകുന്നതെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പ് നല്‍കുന്നു. പെൺകുട്ടികളുടെ പ്രായം കൃത്യമായി തിട്ടപ്പെടുത്തി അവരെ സ്വന്തം കുടുംബങ്ങളിലേക്ക് തിരിച്ചയക്കാൻ അടിയന്തര അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.