മഹാരാഷ്ട്രയിലെ സൊലാപ്പൂർ ജില്ലയിലുള്ള തഡ്വാലെ ഗ്രാമത്തിൽ ജനിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനായ ശരൺ ഗോപിനാഥ് കാംബ്ലെ പരിമിതമായ സാഹചര്യങ്ങളിലാണ് വളർന്നത്. ദിവസവേതന തൊഴിലാളികളായി ജോലി ചെയ്യുകയും പച്ചക്കറി വിൽക്കുകയും ചെയ്തിരുന്നവരായിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഔദ്യോഗിക വിദ്യാഭ്യാസം അധികമില്ലായിരുന്നിട്ടും മകന് പഠിക്കാനുള്ള എല്ലാ അവസരങ്ങളും നൽകാൻ അവർ തീരുമാനിച്ചു.
തന്റെ ഗ്രാമത്തിലെ സർക്കാർ സ്കൂളിലായിരുന്നു കാംബ്ലെയുടെ പ്രാഥമിക വിദ്യാഭ്യാസം. 11, 12 ക്ലാസുകളിൽ പഠിക്കുമ്പോൾ ദിവസവും 12 കിലോമീറ്ററോളം യാത്ര ചെയ്താണ് അദ്ദേഹം സ്കൂളിൽ പോയിരുന്നത്. പതിനൊന്നാം ക്ലാസിൽ എത്തുന്നതുവരെ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല, അതിനാൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് അദ്ദേഹം രാത്രികളിൽ പഠിച്ചിരുന്നത്.
മഹാരാഷ്ട്ര സി.ഇ.ടി പരീക്ഷ പാസായ ശേഷം സാംഗ്ലിയിലെ വാൽചന്ദ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബി.ടെക് കരസ്ഥമാക്കി. തുടർന്ന് ബംഗളൂരു ഐ.ഐ.എസ്.സിയിൽ നിന്ന് ഇലക്ട്രോണിക് സിസ്റ്റംസ് എഞ്ചിനീയറിംഗിൽ എം.ടെക് പൂർത്തിയാക്കി. പ്രതിവർഷം 20 ലക്ഷം രൂപ ശമ്പളമുള്ള സ്വകാര്യ ജോലി വാഗ്ദാനം ലഭിച്ചിട്ടും ഉയർന്ന ശമ്പളമുള്ള കരിയറിന് പകരം പൊതുസേവന രംഗം തിരഞ്ഞെടുക്കാൻ കാംബ്ലെ തീരുമാനിച്ചു.
തുടർന്ന് യു.പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി അദ്ദേഹം ദൽഹിയിലേക്ക് മാറി. പ്രതിമാസം 12,000 രൂപ വീതം എട്ട് മാസത്തേക്ക് മഹാരാഷ്ട്ര സർക്കാരിൽ നിന്ന് ലഭിച്ച സ്കോളർഷിപ്പ് ഇക്കാലയളവിൽ അദ്ദേഹത്തിന് ആശ്വാസമായി.
അദ്ദേഹത്തിന്റെ കഠിനാധ്വാനം തുടർച്ചയായ വിജയങ്ങൾ നൽകി. 2019-ൽ യു.പി.എസ്.സി സി.എ.പി.എഫ് പരീക്ഷയിൽ എട്ടാം റാങ്ക് നേടി. 2020-ലെ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 542-ാം റാങ്ക് നേടുകയും ഇന്ത്യൻ പോലീസ് സർവീസിൽ ചേരുകയും ചെയ്തു. കൂടാതെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ 127-ാം റാങ്കും അദ്ദേഹം നേടിയിരുന്നെങ്കിലും ഐ.പി.എസ് കരിയറുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
രാജസ്ഥാൻ കേഡറിലെ 2021 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ കാംബ്ലെ, ഗുജറാത്ത് അതിർത്തിയോട് ചേർന്നുള്ള ജാലോർ ജില്ലയിലെ സഞ്ചോറിൽ എ.സി.പിയായി സേവനമനുഷ്ഠിച്ചു. മയക്കുമരുന്ന് കടത്തിനെതിരെയുമുള്ള ഇദ്ദേഹത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് റിപ്പബ്ലിക് ദിനത്തിൽ ഡി.ജി.പി ഡിസ്ക് പുരസ്കാരം ലഭിച്ചു. സംഘടിത മയക്കുമരുന്ന് ശൃംഖലകൾക്കെതിരെയുള്ള നടപടികൾക്ക് പുറമെ, വിവാഹങ്ങളിലും പ്രാദേശിക ചടങ്ങുകളിലും കറുപ്പ് (Opium), പോപ്പി (Poppy pods) എന്നിവ നൽകുന്ന രീതികൾക്കെതിരെ ബോധവൽക്കരണ പരിപാടികളും അദ്ദേഹം സംഘടിപ്പിച്ചു.
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചതു മുതൽ ഐ.പി.എസ് ഉദ്യോഗസ്ഥൻ വരെയുള്ള കാംബ്ലെയുടെ ഈ യാത്ര വിദ്യാഭ്യാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കുടുംബത്തിന്റെ പിന്തുണയുടെയും പ്രാധാന്യമാണ് വ്യക്തമാക്കുന്നത്.




