പൂനെ: മഹാരാഷ്‌ട്രയില്‍ കൊലക്കേസ് പ്രതിയെ കോടതിവളപ്പില്‍ അരിവാളുകൊണ്ട് വെട്ടിവീഴ്‌ത്തി അക്രമിസംഘം കടന്നുകളഞ്ഞു. വെട്ടേറ്റയാള്‍ അതീവഗുരുതര നിലയില്‍. പൂനെയിലെ ശിവാജിനഗര്‍ കോടതിയുടെ നാലാം നമ്പര്‍ ഗേറ്റിന് പുറത്ത് ഇന്നലെ ഉച്ചകഴിഞ്ഞാണ് ആക്രമണം.
ആയുധധാരികളായ നാലോളം വരുന്ന സംഘം അരിവാള്‍കൊണ്ട് മന്ദര്‍ കിവ്‌ഡെ എന്നയാളെ ആക്രമിക്കുകയും വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ഇരുചക്രവാഹനങ്ങളില്‍ രക്ഷപ്പെടുകയുമായിരുന്നു. മന്ദര്‍ കിവ്‌ഡെയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികൾ രണ്ട് സ്കൂട്ടറുകളിലായി രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ച കിവാലെ എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോകളിൽ, ഒരു കൈ അറ്റുപോയ നിലയിൽ ഇയാൾ ഫുട്പാത്തിൽ കിടക്കുന്നതും കാഴ്ചക്കാർ ചുറ്റും കൂടിനിൽക്കുന്നതും കാണാം.
2025 ഏപ്രിലിൽ പൂനെയിലെ സന്തോഷ് നഗർ കാത്രജിലുണ്ടായ കൊലപാതകക്കേസിലെ പ്രതിയായിരുന്നു കിവാലെ എന്ന് പോലീസ് അറിയിച്ചു. ഭൂമി സംബന്ധമായതും സാമ്പത്തികവുമായ തർക്കത്തെ തുടർന്ന് 26-കാരനായ റെസ്റ്റോറന്റ് ഉടമ ശുഭം സുഭാഷ് ചവാനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ജയിലിലായിരുന്നത്. കിവാലെയും കൂട്ടാളികളും ചേർന്ന് സ്റ്റമ്പുകളും മുളവടികളും ഉപയോഗിച്ച് മർദ്ദിച്ചാണ് ചവാനെ കൊലപ്പെടുത്തിയത്.
കേസിലെ മുഖ്യപ്രതി അമർ സകോറെ, കൂട്ടാളികളായ ഗിരീഷ് സുഭാഷ് ബാബരെ, യോഗേഷ് ബാബുറാവു ഡോറെ എന്നിവർക്കൊപ്പമാണ് കിവാലെ നേരത്തെ അറസ്റ്റിലായത്. നാല് ദിവസം മുമ്പ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ കിവാലെ, കോടതി നടപടികൾക്കായി എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.
സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാർ പൂനെ പോലീസ് കമ്മീഷണറോട് വിവരങ്ങൾ ആരാഞ്ഞു. പ്രതികളെ ഉടൻ പിടികൂടാനും കർശന നടപടി സ്വീകരിക്കാനും അവർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.




