Crime Featured

മട്ടൻകറിയുണ്ട് വരൂ…, ഉറക്കഗുളിക, ഉച്ചത്തിൽവച്ച ടിവി, ചാക്കിൽ കെട്ടി മൃതദേഹങ്ങൾ; 7 കൊലപാതകങ്ങൾ! ആ വീടിനുള്ളിൽ സംഭവിച്ചത്

ബെംഗളൂരുവിലെ രാജാജിനഗർ V ബ്ലോക്കിലെ 59-ാം ക്രോസിലുള്ള ആ വാടകവീട്ടിന് ചുറ്റും ഒട്ടേറെ വീടുകളുണ്ട്. അത്രയും ജനവാസമുള്ള ഒരു സ്ഥലത്തുവെച്ച് ഏഴ് കൊലപാതകങ്ങൾ എങ്ങനെ ചെയ്യാൻ കഴിഞ്ഞു, മൃതദേഹങ്ങൾ കാറിലാക്കി എങ്ങനെ കടത്തി, അയൽക്കാർക്ക് സംശയം തോന്നാതിരുന്നത് എങ്ങനെ തുടങ്ങി നൂറോളം ചോദ്യങ്ങളാണ് തെളിവുശേഖരണത്തിനായി അവിടെയെത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെ മനസ്സിൽ ഉയർന്നത്. ഇതിന് അവർക്ക് ലഭിച്ച ഉത്തരങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു. ഭാര്യയേയും അവരുടെ അമ്മയേയും സഹോദരന്മാരേയും സഹോദരഭാര്യമാരേയും ഒരു കുഞ്ഞിനെയുമടക്കം ഏഴുപേരെ 15 ദിവസമെടുത്താണ് പ്രതി കൊലപ്പെടുത്തി മൃതദേഹങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചത്.

52 വയസ്സുള്ള ക്യാബ് ഡ്രൈവർ എസ്. ഇന്ദുശേഖർ പൂർണ്ണമായും പഴുതടച്ച പദ്ധതിയാണ് കൊലപാതക പരമ്പരയ്ക്കായി തയ്യാറാക്കിയത്. എന്നാൽ ഒരു അതിബുദ്ധി മാൻമിസ്സിങ് കേസിന്റെ ഗതി മാറ്റുകയും ഈ കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കുകയുമായിരുന്നു. ഇരകളെ വീട്ടിലെത്തിക്കാനും, നിലവിളി പുറത്തുകേൾക്കാത്ത വിധം കൊല നടത്താനും, മൃതദേഹങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകളിലും ചാക്കുകളിലും പൊതിഞ്ഞ് കാറിൽ കടത്താനും ഇയാളെ സഹായിച്ചത് 17-കാരിയായ സ്വന്തം മകൾ തന്നെയാണ്. ഒടുവിൽ കുടുംബത്തിൽ അവശേഷിച്ച അവസാനത്തെ കുട്ടിയെക്കൂടി കൊലപ്പെടുത്താൻ അച്ഛനും മകളും പദ്ധതിയിട്ടെങ്കിലും കൃത്യത്തിന് തൊട്ടുമുമ്പ് പോലീസ് എത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

വിവാഹം കഴിഞ്ഞ് 20 വർഷമായെങ്കിലും താനും ഭാര്യ സുനിതയും തമ്മിൽ വഴക്കിടാത്ത ഒരു ദിവസം പോലുമില്ലെന്നാണ് ഇന്ദുശേഖർ പോലീസിന് നൽകിയ മൊഴി. എല്ലാ കാര്യത്തിലും രണ്ടു ധ്രുവങ്ങളിലായിരുന്ന ഇവരുടെ ഇടയിൽ സുനിതയുടെ ആധിപത്യ സ്വഭാവം വീടിനകത്തും പുറത്തും വഴക്കുകൾക്ക് കാരണമായി. സുനിതയുടെ എല്ലാ പ്രവർത്തികൾക്കും പിന്തുണ നൽകിയിരുന്ന അവരുടെ അമ്മയോടും സഹോദരന്മാരോടും ഇന്ദുശേഖറിന് വലിയ വെറുപ്പായിരുന്നു. വർഷങ്ങൾ കഴിയുംതോറും വർദ്ധിച്ചുവന്ന ഈ വെറുപ്പാണ് ഒടുവിൽ ആ കുടുംബത്തിലെ ഏഴുപേരുടെ കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ മാസം 14-നും 31-നും ഇടയിലുള്ള ദിവസങ്ങളിലാണ് ഇന്ദുശേഖർ ഈ ക്രൂരകൃത്യങ്ങൾ നടത്തിയത്. ഒക്ടോബർ 14-നാണ് ഇയാൾ ആദ്യം ഭാര്യ സുനിതയെ കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ഇയാളുടെ 17 വയസ്സുള്ള മകൾ മുത്തശ്ശി രൂപവതിയെ ഫോണിൽ വിളിച്ച് വീട്ടിൽ മട്ടൻ കറി ഉണ്ടാക്കുന്നുണ്ടെന്നും അത്താഴത്തിന് വരണമെന്നും പറഞ്ഞ് ക്ഷണിച്ചു. രൂപവതിയെ വീട്ടിലെത്തിച്ച് കൊലപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ ക്ഷണമെന്ന് പോലീസ് കരുതുന്നു. ഇരകൾക്ക് ഉറക്കഗുളിക നൽകി മയക്കിയശേഷം അരക്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇന്ദുശേഖർ സമ്മതിച്ചിട്ടുണ്ട്.

കൊലപാതക സമയത്തെ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ടെലിവിഷന്റെ ശബ്ദം പരമാവധി കൂട്ടി വെച്ചിരുന്നു. കൃത്യത്തിനുശേഷം രക്തം ഒഴുകുന്നത് തടയാനായി മൃതദേഹങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകളിലും ചാക്കുകളിലും കെട്ടിയ ശേഷം, പുലർച്ചെ ഇന്ദുശേഖറിന്റെ ടൊയോട്ട എറ്റിയോസ് കാറിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. സുനിതയുടെയും രൂപവതിയുടെയും മൃതദേഹങ്ങൾ തമിഴ്നാട്ടിലെ സേലം ജില്ലയിലെ വനമേഖലയിൽ നിന്നാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കണ്ടെത്തിയത്.

ഇതോടെ കേസിൽ കണ്ടെടുത്ത ആകെ മൃതദേഹങ്ങളുടെ എണ്ണം മൂന്നായി. സുനിതയുടെ മൂത്ത സഹോദരൻ ശിവകുമാറിന്റെ ഏഴുവയസ്സുകാരനായ മകൻ പുനീതിന്റെ മൃതദേഹം നന്ദി ഹിൽസിൽനിന്ന് നേരത്തെ കണ്ടെടുത്തിരുന്നു. ഒക്ടോബർ 29-ന് കൊല്ലപ്പെട്ട പുനീതിന്റെ തലയിൽ നാല് കഠിനമായ പരിക്കുകളേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശിവകുമാറിന്റെയും ഭാര്യ ദിവ്യയുടെയും, അനിയൻ ശങ്കറിന്റെയും ഭാര്യ ദിവ്യയുടെയും മൃതദേഹങ്ങളാണ് ഇനി കണ്ടെത്താനുള്ളത്. സുനിതയുടെയും രൂപവതിയുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കളടങ്ങുന്ന 12 അംഗ സംഘം സേലത്തേക്ക് തിരിച്ചിട്ടുണ്ട്.

ദുർഗന്ധം വരാതിരിക്കാൻ കാറിൽ പെർഫ്യൂം ബോട്ടിലുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിനുശേഷം വീട് രാസവസ്തുക്കൾ ഉപയോഗിച്ച് കഴുകി തെളിവുകൾ നശിപ്പിക്കാൻ പ്രതി ശ്രമിച്ചിരുന്നു. കൂടാതെ, കൊല്ലപ്പെട്ട സ്ത്രീകളുടെ സ്വർണാഭരണങ്ങൾ ഇന്ദുശേഖർ ഊരിയെടുത്ത് വിറ്റതായും സംശയമുണ്ട്. ഇവ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ബുധനാഴ്ച ഉൽസുർഗേറ്റിന് സമീപത്തുവെച്ചാണ് ഇന്ദുശേഖർ പിടിയിലായത്. കൊലപാതകങ്ങളിലും മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നതിലും ഇയാളുടെ മകളുടെ പങ്ക് പോലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റ് ചെയ്യുമ്പോൾ കൊല്ലപ്പെട്ടവരുടെ മകനായ 10 വയസ്സുകാരനും കാറിലുണ്ടായിരുന്നു. മാതാപിതാക്കൾ തീർത്ഥാടനത്തിന് പോയിരിക്കുകയാണെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയെ ഇയാൾ കൂട്ടിക്കൊണ്ടുവന്നത്. ഈ കുട്ടിയെക്കൂടി കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി.

തന്റെ മാതാപിതാക്കൾ കൊല്ലപ്പെട്ട വിവരം അറിയാതെ ഈ കുട്ടി ദിവസങ്ങളോളം ഇന്ദുശേഖറിനും മകൾക്കുമൊപ്പം കഴിഞ്ഞു. കുട്ടിയെ അപായപ്പെടുത്തുന്നതിന് മുമ്പ് പ്രതിയെ പിടികൂടാനായത് പോലീസിന്റെ വലിയ നേട്ടമായി. ഏകദേശം മൂന്നുകോടി രൂപ വിലമതിക്കുന്ന കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്നതിനെക്കുറിച്ചും പോലീസിന്റെ അന്വേഷണം തുടരുകയാണ്.

ബന്ധുക്കളെ പെട്ടെന്ന് കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. സുനിതയുടെ ഫോണിൽ നിന്ന് സന്ദേശങ്ങൾ വരുന്നുണ്ടെങ്കിലും ഫോൺ കോളുകൾ സ്വീകരിക്കാതിരുന്നത് ഒരു ബന്ധു ശ്രദ്ധിച്ചിരുന്നു. കൊലപാതക വിവരം മറച്ചുവെക്കാൻ ഇന്ദുശേഖർ സുനിതയുടെ ഫോൺ ഉപയോഗിച്ചതായും കരുതുന്നു. ബെംഗളൂരുവിലെ ഈ നടുക്കുന്ന കൂട്ടക്കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.