നടി സുരേഖ വാണിയും ഒരു യുവാവും തമ്മിലുള്ള സ്വകാര്യ പ്രണയദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ ചിത്രങ്ങൾ ആദ്യം പുറത്തുവന്നത്. ഉടൻ തന്നെ ഇത് നീക്കം ചെയ്തെങ്കിലും ഇതിനോടകം തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിരുന്നു. തുടർന്ന്, തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിച്ച് നടി രംഗത്തെത്തി.
തന്റെ അനുവാദമില്ലാതെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സുരേഖ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി. “എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയാണുണ്ടായത്. എന്റെ സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു. മീം പേജുകളും മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും ഇത് പങ്കുവെക്കുന്നത് ഉടനടി നിർത്തണം. സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്കും വ്യക്തികൾക്കും എതിരെ നിയമപരമായി മുന്നോട്ടുപോകും. വ്യൂസിനും റീച്ചിനും വേണ്ടി ഈ സാഹചര്യം മുതലെടുക്കരുത്. സ്വകാര്യതയെ മാനിക്കണം. ഇത് വളരെ ഗുരുതരമായ വിഷയമാണ്,” എന്ന് സുരേഖ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
14-ാം വയസ്സിൽ ഒരു പ്രാദേശിക കേബിൾ ടിവിയിൽ അവതാരകയായാണ് സുരേഖ വാണി തന്റെ കരിയർ ആരംഭിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ ‘സീനുഗാഡു ചിരഞ്ജീവി ഫാൻ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. ഭദ്ര, നോട്ട്ബുക്ക്, ഔയ്, സുകുമാർ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ജില്ല, പവർ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 18-ാം വയസ്സിലായിരുന്നു സുരേഷ് തേജയുമായുള്ള വിവാഹം. ഇവർക്ക് സുപ്രിത എന്നൊരു മകളുമുണ്ട്. 2019-ൽ രോഗബാധയെ തുടർന്ന് സുരേഷ് തേജ അന്തരിച്ചു.




