മുംബൈ സ്വദേശിയായ എൺപതുകാരന്റെ മൃതദേഹം കഴിഞ്ഞ നാല് വർഷമായി കുടുംബാംഗങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചുവരികയാണെന്ന വിചിത്രമായ സംഭവം പുറത്തുവന്നു. മലാഡിലെ ഒരു ക്ലിനിക്കിൽ വച്ചിരുന്ന ഫ്രീസറിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അമേരിക്കയിലെ ക്രയോണിക്സ് സെന്ററിലേക്ക് മാറ്റണമെന്നാണ് ആഗ്രഹമെന്നും, അതിനാൽ തത്കാലം ഫ്രീസറിൽ തന്നെ സൂക്ഷിക്കാൻ അനുവദിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
തിങ്കളാഴ്ച രാത്രിയിലാണ് മൃതദേഹം അനധികൃതമായി ഫ്രീസറിൽ വച്ചിരിക്കുന്നതിനെക്കുറിച്ച് കുറർ പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്ന്ന് നടത്തിയ പരിശോധനയിൽ പൊലീസ് വിവരം സ്ഥിരീകരിച്ചു. അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ഒരു മാസമായി ഈ ക്ലിനിക് അടച്ചിട്ടിരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് എൺപതുകാരന്റെ ഭാര്യയെയും മക്കളെയും കണ്ടെത്തുകയും ചെയ്തു. 2022-ൽ സ്വാഭാവിക കാരണങ്ങളാലാണ് പിതാവ് മരിച്ചതെന്ന് വ്യക്തമാക്കിയ മക്കൾ, ഇതിന്റെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്.
പിതാവിന്റെ വേർപാട് ഏൽപ്പിച്ച മാനസികാഘാതത്തിൽ നിന്ന് മുക്തരാകാൻ കഴിഞ്ഞിട്ടില്ലെന്നും, അതിനാൽ സാധ്യമാകുന്നത്ര കാലം മൃതദേഹം സൂക്ഷിക്കാനാണ് തീരുമാനിച്ചതെന്നും മക്കൾ പറയുന്നു. ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് അമേരിക്കയിലെ ക്രയോണിക്സ് സെന്ററിനെക്കുറിച്ച് അറിഞ്ഞത്. ദ്രവ രൂപത്തിലുള്ള നൈട്രജനിൽ പ്രത്യേകം ക്രമീകരിച്ച താപനിലയിൽ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ അവിടെ സാധിക്കും. അവിടേക്ക് മൃതദേഹം മാറ്റാൻ സാധിക്കുമോ എന്ന് നോക്കുകയാണെന്ന് ഇവർ പൊലീസിനോട് വിശദീകരിച്ചു. ഇതിനായി യുഎസിലെ ഒരു സംഘടനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകർ വഴി ഇതിന്റെ നിയമസാധുത പരിശോധിച്ചുവരികയാണെന്നും കുടുംബം വ്യക്തമാക്കി.
എന്നാൽ, ഇത്തരത്തിൽ മൃതദേഹം സൂക്ഷിക്കാൻ ക്ലിനിക്കോ കുടുംബമോ അനുമതി തേടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ക്ലിനിക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ പോലും തിങ്കളാഴ്ച വരെ ഇക്കാര്യം അറിഞ്ഞിരുന്നില്ല. മുൻപ് സുഖമില്ലാതെ വരുമ്പോഴൊക്കെ താൻ ഈ ക്ലിനിക്കിൽ വരാറുണ്ടായിരുന്നെങ്കിലും ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നുവെന്ന് കെട്ടിട ഉടമ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ നിലവിൽ പൊലീസ് കേസെടുത്തിട്ടില്ലെങ്കിലും ക്ലിനിക്കിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഭാവിയിലെ വികസിത സാങ്കേതികവിദ്യ ഉപയോഗിച്ച് മരിച്ചവർക്ക് തിരികെ ജീവൻ നൽകാനാകുമെന്ന പ്രതീക്ഷയിൽ മനുഷ്യശരീരമോ തലച്ചോറോ പ്രത്യേക രീതിയിൽ തണുപ്പിച്ച് സൂക്ഷിക്കുന്ന കേന്ദ്രങ്ങളെയാണ് ക്രയോണിക്സ് സെന്ററുകൾ എന്ന് വിളിക്കുന്നത്. ഒരാൾ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചാലുടൻ ഇതിനായുള്ള നടപടികൾ ആരംഭിക്കും. ശരീരത്തിലെ കോശങ്ങൾ നശിച്ചുപോകാതിരിക്കാൻ രക്തത്തിന് പകരം ‘ക്രയോ പ്രൊട്ടക്റ്റന്റ്’ എന്ന പ്രത്യേക ലായനി നിറച്ച ശേഷം മൈനസ് 196 ഡിഗ്രി സെൽഷ്യസിലുള്ള ദ്രവ നൈട്രജനിലേക്ക് ശരീരം ഇറക്കിവയ്ക്കുകയാണ് ചെയ്യുന്നത്. ഭാവിയിൽ ശാസ്ത്രം വളരുമ്പോൾ ഇവരെ പുനരുജ്ജീവിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യുന്നത്. കോടികൾ ചെലവുവരുന്ന ഈ രീതിക്ക് എന്നാൽ ഇതുവരെ പൂർണ്ണമായ ശാസ്ത്രീയ അടിത്തറയില്ല.




