സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ അപർണ തോമസ് പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് എപ്പോഴും മികച്ച ജനശ്രദ്ധ ലഭിക്കാറുണ്ട്. തന്റെ കരിയറിലെയും ജീവിതത്തിലെയും പ്രധാന വഴിത്തിരിവുകളെക്കുറിച്ചും വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും പങ്കുവെച്ച കുറിപ്പ് അടുത്തിടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകനായ ജീവയുമായുള്ള 11 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമുള്ള വേർപിരിയലും വലിയ തോതിൽ വാർത്തയായി മാറുകയായിരുന്നു.
നിലവിൽ തന്റെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ വന്ന പരിഹാസ കമന്റിന് അപർണ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അപർണയുടെ വസ്ത്രധാരണത്തെ ലക്ഷ്യമിട്ട് ‘ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു’ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. എന്നാൽ ഇതിന് ‘അടുത്ത തവണ ആവട്ടെ’ എന്ന് തികച്ചും സരസമായ മറുപടിയാണ് അപർണ നൽകിയത്.
വസ്ത്രധാരണത്തിന്റെ പേരിലുള്ള അനാവശ്യ വിമർശനങ്ങൾക്കും ബോഡി ഷെയ്മിങ്ങിനും മുൻപും അപർണ ഇതുപോലെ കൃത്യമായ മറുപടികൾ നൽകിയിട്ടുണ്ട്. ജീവയുമായുള്ള വേർപിരിയലിനു ശേഷം തന്റെ കരിയറിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ഇൻസ്റ്റാഗ്രാമിലൂടെ താരം തുറന്നെഴുതിയിരുന്നു. മാധ്യമമേഖലയിലെ പ്രവർത്തനവും എയർ ഹോസ്റ്റസ് ജോലിയും കഴിഞ്ഞ് നിലവിൽ ഒരു ഫുൾടൈം കണ്ടന്റ് ക്രിയേറ്ററായുള്ള ജീവിതത്തെക്കുറിച്ച് അപർണ വളരെ വ്യക്തമായി വിശദീകരിച്ചു. നാലു വർഷത്തോളം ഫ്ലൈറ്റ് അറ്റൻഡന്റായി പേടിയില്ലാതെ ആകാശത്ത് പറന്ന ആളായിരുന്നെങ്കിലും, ഇന്ന് ചെറിയൊരു വിമാന കുലുക്കം ഉണ്ടായാൽ പോലും താൻ ജീവിതത്തിലെ മുൻതീരുമാനങ്ങളെക്കുറിച്ച് ചിന്തിച്ചുപോകാറുണ്ടെന്നും താരം കുറിച്ചു.
ഇക്കണോമിക്സിൽ രണ്ട് ബിരുദങ്ങൾ സ്വന്തമായുണ്ടെങ്കിലും അവയൊന്നും കരിയറിലേക്ക് ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നാണ് താരം പറയുന്നത്. പത്ത് വർഷമായിട്ടും ഇതിലൊരു സർട്ടിഫിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പോയി കൈപ്പറ്റിയിട്ടില്ലെന്നും അപർണ വെളിപ്പെടുത്തി. പ്രായം കൂടുന്തോറും തന്റെ കഴിവുകൾ പൂർണമായി പുറത്തെടുക്കാൻ കഴിയില്ലേ എന്ന പേടി മനസ്സിലുണ്ടെങ്കിലും, താൻ കടന്നുവന്ന ജീവിതവഴികളെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അപർണ കൂട്ടിച്ചേർത്തു.




