ധാന്യങ്ങളും വിത്തുകളും മറ്റും രാത്രി മുഴുവൻ കുതിർത്തു വെച്ച് പ്രഭാതത്തിൽ കഴിക്കുന്ന പ്രവണതയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അണ്ടിപ്പരിപ്പുകൾ, വിത്തുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ കുതിർത്ത് ഉപയോഗിക്കുന്നു. പോഷകങ്ങൾ ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാനും, ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ചർമ്മത്തിനും മുടിക്കും ആരോഗ്യത്തിനും ഇത് വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രചാരണം.
കുതിർത്ത ഭക്ഷണങ്ങൾ ദഹനത്തിന് നേരിയ തോതിൽ പ്രയോജനം ചെയ്യുമെന്നത് ശരിയാണെങ്കിലും, അമിതമായ അളവിൽ ഇത്തരം ചേരുവകൾ രാവിലെ തന്നെ കഴിക്കുന്നത് പോഷകാഹാര ശാസ്ത്രത്തേക്കാൾ ഉപരി സോഷ്യൽ മീഡിയയിലെ ട്രെൻഡുകളുടെ ഭാഗമാണ്.
ആൽമണ്ട്, വാൽനട്ട്, ഉണക്കമുന്തിരി, കുങ്കുമപ്പൂവ്, ചിയ വിത്തുകൾ, ഉലുവ, അയമോദകം, പെരുംജീരകം, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവയാണ് ആളുകൾ സാധാരണയായി രാത്രിയിൽ കുതിർത്തു വെച്ച് രാവിലെ കഴിക്കുന്നത്. ഇത് ചർമ്മത്തിന്റെയും മുടിയുടെയും കുടലിന്റെയും ആരോഗ്യം വർദ്ധിപ്പിക്കുമെന്നാണ് വാദം.
രാവിലെ കുതിർത്ത വിത്തുകളും നട്സും കഴിക്കുന്നത് ഗുണകരമാണെങ്കിലും, ഇതിനെച്ചൊല്ലിയുള്ള അവകാശവാദങ്ങൾ പലതും അതിശയോക്തി കലർന്നതാണ്. ദിവസവും 7 മുതൽ 10 വരെ ഇത്തരം ചേരുവകൾ കുതിർത്തു കഴിക്കേണ്ടതുണ്ടോ എന്നത് വ്യക്തിഗത ആരോഗ്യ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
കുതിർത്തു കഴിക്കുന്നത് കൊണ്ടുള്ള ചില പ്രധാന ഗുണങ്ങൾ ഇവയാണ്:
നട്സിലും വിത്തുകളിലും അടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡ് അയൺ, സിങ്ക് തുടങ്ങിയ ധാതുക്കളെ ശരീരം ആഗിരണം ചെയ്യുന്നത് തടയുന്നു. കുതിർക്കുമ്പോൾ ഫൈറ്റിക് ആസിഡ് കുറയുകയും പോഷകങ്ങൾ കൂടുതൽ എളുപ്പത്തിൽ ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു. കൂടാതെ, കുതിർക്കുന്നത് നാരുകളെ മൃദുവാക്കുകയും കയ്പ്പ് കുറയ്ക്കുകയും ചെയ്യുന്നതിനാൽ ഗ്യാസ്, വയറെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് ദഹനം എളുപ്പമാകും.
ഉലുവയോ ചിയ വിത്തുകളോ ഉണങ്ങിയ രൂപത്തിൽ കഴിക്കാൻ മടിക്കുന്നവർക്ക് കുതിർത്തു കഴിക്കുന്നത് ഒരു ശീലമാക്കാൻ സാധിക്കും. ചിയ വിത്തുകൾ കുതിർക്കുമ്പോൾ ഉണ്ടാകുന്ന ജെൽ ദഹന വ്യവസ്ഥയ്ക്ക് നല്ലതാണ്. ഉലുവ കുതിർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
എന്നാൽ ഇതെല്ലാം നിർബന്ധമാണോ എന്ന് ചോദിച്ചാൽ, ആവശ്യമില്ലാതെ ദിനചര്യ സങ്കീർണ്ണമാക്കുന്നത് മാനസികസമ്മർദ്ദം കൂട്ടുകയേ ഉള്ളൂ. ഒരു ദിവസം രാത്രിയിൽ ഇത് തയ്യാറാക്കാൻ മറന്നുപോയാൽ, അടുത്ത ദിവസം ആരോഗ്യകരമായ ഭക്ഷണം തന്നെ ഒഴിവാക്കുന്ന അവസ്ഥ ഉണ്ടാകരുത്. കുതിർക്കാത്ത ഒരു പിടി നട്സ് കഴിക്കുന്നത് പോലും ഒന്നും കഴിക്കാതിരിക്കുന്നതിനേക്കാൾ വളരെ നല്ലതാണ്.
സോഷ്യൽ മീഡിയയിലെ തരംഗങ്ങൾക്ക് പിന്നാലെ പോകാതെ ലളിതമായി ഇത് ചെയ്യാം. ദിവസവും 2 അല്ലെങ്കിൽ 3 ചേരുവകൾ മാത്രം തിരഞ്ഞെടുക്കുക. വിറ്റാമിൻ ഇ ലഭിക്കാൻ 3-4 ബദാമും, ഒമേഗ-3 ലഭിക്കാൻ 1-2 വാൽനട്ടും അടങ്ങിയ കോമ്പോ മിക്കവർക്കും ധാരാളമാണ്. ദഹനത്തിന് വേണമെങ്കിൽ കുറച്ച് ചിയാ വിത്തോ ഉലുവയോ പെരുംജീരകമോ ചേർക്കാം.
ഏറ്റവും പ്രധാനം സമീകൃതമായ പ്രാതൽ തന്നെയാണ്. കുതിർത്ത വിത്തുകൾ ഒരു അനുബന്ധ ഭക്ഷണം (supplement) മാത്രമാണ്; അത് മുട്ടയോ ഓട്സോ പ്രോട്ടീൻ സമ്പുഷ്ടമായ മറ്റു ഭക്ഷണങ്ങളോ അടങ്ങിയ പ്രധാന പ്രഭാതഭക്ഷണത്തിന് പകരമാവില്ല. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ 9 സൂപ്പർഫുഡുകൾ കൂട്ടിയിണക്കി കഴിക്കാൻ പറഞ്ഞാലും അത് നിങ്ങൾക്ക് അനുയോജ്യമാകണമെന്നില്ല. നിങ്ങളുടെ ശരീരത്തിന് എന്താണ് ആവശ്യമെന്ന് മനസ്സിലാക്കി കുറഞ്ഞ ചേരുവകളിൽ നിന്ന് തുടങ്ങി മുന്നോട്ട് പോകുന്നതാണ് ഏറ്റവും നല്ലത്.




