Crime

വിവാഹാഭ്യർത്ഥന നിരസിച്ചു, ദിൻഷയ്ക് മറ്റൊരാളുമായി അടുപ്പം; റിസോർട്ടിലെ ജോലി വാങ്ങിക്കൊടുത്തും ജിത്തു; കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക

കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ട് ജീവനക്കാരിയായ ദിൻഷയെ കൊലപ്പെടുത്തിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണെന്ന് പിടിയിലായ പ്രതി ജിത്തു പൊലീസിന് മൊഴി നൽകി. ദിൻഷയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതും, ഇതിന്റെ പേരിൽ ദിൻഷയുടെ ഫോണിലെ സന്ദേശത്തെച്ചൊല്ലി ഉണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാൾ സമ്മതിച്ചു. ഏകദേശം ഒൻപത് മാസം നീണ്ട പ്രണയത്തിനൊടുവിൽ ഓൺലൈൻ വഴി വാങ്ങിയ കത്തി ഉപയോഗിച്ചാണ് ജിത്തു ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയത്.

ജിത്തുവും ദിൻഷയും തമ്മിൽ മുൻപേ പരിചയമുണ്ടായിരുന്നെങ്കിലും, ഈ കൊലപാതകം കൃത്യമായ പ്ലാനിംഗോടെ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജിത്തു ജോലിചെയ്തിരുന്ന ഹോട്ടലിന് സമീപത്ത് ദിൻഷ ഏവിയേഷൻ കോഴ്സിന് പഠിക്കാനെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലാകുന്നത്.

തുടർന്ന് ദിൻഷയ്ക്ക് ഉപയോഗിക്കാൻ സിം കാർഡ് എടുത്തുനൽകിയതും മാരാമണ്ണിലെ റിസോർട്ടിൽ ജോലി വാങ്ങി നൽകിയതും ജിത്തുവായിരുന്നു. ഇതോടെ ദിൻഷ താമസവും റിസോർട്ടിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയിരുന്നു.

എന്നാൽ ജിത്തു തന്ന നിരന്തരം ശല്യം ചെയ്യുന്നതായി ദിൻഷ മുൻപ് സ്വന്തം പിതാവിനോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ ജിത്തു മുൻപും ലഹരിക്കേസുകളിൽ പ്രതിയാണെന്ന് വ്യക്തമാക്കിയ പൊലീസ്, ഇയാളുടെ മൊഴിയും മറ്റ് സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കി കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.