കാസർകോട്: ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെന്ന് പറയുന്നത് ലോകത്തെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ശൈലിയെക്കുറിച്ച് ഇപ്പോൾ വാചാലരാകുന്നവർ, സോളാർ കേസ് വിവാദമായ സമയത്ത് ഒളിച്ചോടുകയായിരുന്നുവെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി. അന്ന് ഉമ്മൻ ചാണ്ടി കടുത്ത ആക്രമണം നേരിട്ടപ്പോൾ സ്വന്തം പ്രതിച്ഛായ നഷ്ടപ്പെടുമോ എന്ന് ഭയന്ന് ആരും പ്രതികരിച്ചില്ലെന്നും, അദ്ദേഹത്തെ പ്രതിരോധിക്കാൻ തനിക്കൊപ്പം ടി. സിദ്ദിഖ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി. അനിൽ കുമാർ തുടങ്ങിയ നേതാക്കളെ സംരക്ഷിക്കാൻ താനാണ് അന്ന് എല്ലാ ചാനലുകളിലും കയറിയിറങ്ങി സംസാരിച്ചതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു.
ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും എതിരാളികൾ ആക്രമിച്ചപ്പോൾ സംരക്ഷിക്കാൻ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ഉമ്മൻ ചാണ്ടിയുടെ ഒരു ആനുകൂല്യവും താൻ കൈപ്പറ്റിയിട്ടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. ഉമ്മൻ ചാണ്ടി അന്തരിച്ച് രണ്ട് വർഷത്തിന് ശേഷമാണ് ചിലർ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. ഉമ്മൻ ചാണ്ടി രോഗബാധിതനായി ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുമ്പോൾ, കഴക്കൂട്ടം സ്വദേശിയായ അഖിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കണമെന്ന് നിർദ്ദേശിച്ച് തിരുവനന്തപുരത്തേക്ക് ഒരു കുറിപ്പ് അയച്ചിരുന്നു. എന്നാൽ ആ നിർദ്ദേശം തള്ളിക്കളഞ്ഞാണ് അടൂർ സ്വദേശിയെ പ്രസിഡന്റാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഗുരുവിന് വേണ്ടി പ്രവർത്തിക്കുന്ന ശിഷ്യനാണെന്നും, അടൂരിലിരുന്ന് ഒരാളാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നതെന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ഷാഫി പറമ്പിലിനെതിരെ താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും, അദ്ദേഹം എ ഗ്രൂപ്പിലില്ല എന്ന വസ്തുത മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ചില കോൺഗ്രസ് നേതാക്കൾ ആസ്വദിക്കുന്നുണ്ടെന്നും, എന്നാൽ ഈ സന്തോഷത്തിന് അധികം ആയുസ്സുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പിന്തുടർച്ച അവകാശപ്പെടുന്നവരുടെ അംഗീകാരം തനിക്ക് ആവശ്യമില്ലെന്നും, ഉമ്മൻ ചാണ്ടിയുടെ ഭാര്യയുടെയും മക്കളുടെയും അംഗീകാരം മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പ്രതാപകാലം കഴിഞ്ഞെന്ന് മനസ്സിലാക്കിയപ്പോൾ മറുകണ്ടം ചാടിയവരാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നതെന്നും, തന്നെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ കൂടെയുള്ളവരെ ഉപയോഗിച്ച് സൈബർ ആക്രമണം നടത്തുന്നത് ബന്ധപ്പെട്ടവർ അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം അവരുടെ മാന്യതയുടെ മുഖംമൂടി താൻ വലിച്ചുകീറുമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. ഗുരുവിന്റെയും ശിഷ്യന്റെയും രഹസ്യങ്ങൾ തന്റെ ഡയറിയിലുണ്ടെന്നും, ആക്രമണം നിർത്താൻ ഷാഫിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് തെളിവായി രണ്ട് സൂചനകൾ നൽകാമെന്നും ബാക്കി കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും പറഞ്ഞ അദ്ദേഹം, പനമ്പള്ളി നഗറിലെ ഒരു നേതാവ് തന്നോട് കാലുപിടിച്ച് അപേക്ഷിച്ചിട്ടുണ്ടെന്നും, മറ്റൊരു നേതാവിന്റെ കാറിന്റെ നമ്പർ ‘ട്വന്റി 20’ ആണെന്നും കൂട്ടിച്ചേർത്തു.




