Crime

അമേരിക്കയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വയലിനിസ്റ്റ് ഭാസ്കര്‍ യുഎസ് ജയിലില്‍, ആശ്ചര്യമില്ലെന്ന് ചിന്മയി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രമുഖ വയലിനിസ്റ്റ് എന്‍.എച്.ഭാസ്കര്‍ (50) ജയിലിലായി. സെപ്റ്റംബറിലെ യുഎസ് ടൂറിനിടെ ഭാസ്കര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്. ഇതിന് പിന്നാലെ നവംബര്‍ ആറിന് ഭാസ്കറിനെ ബോസ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ മാസച്യൂസറ്റ്സ് ജയിലിലുള്ള ഇയാളെ കലിഫോര്‍ണിയ ജയിലിലേക്ക് മാറ്റും. കലിഫോര്‍ണിയ കോടതി വാറന്‍റ് പുറപ്പെടുവിച്ചതിന് പിന്നാലെ ആയിരുന്നു നടപടി. 

മൈസൂരു സ്വദേശിയായ ഭാസ്കര്‍ കര്‍ണാടിക് സംഗീതത്തില്‍ വയലിന്‍ വായിച്ചാണ് പ്രശസ്തനാകുന്നത്. യുഎസ് ടൂറിനിടെ 18 തികയാത്ത പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയെന്ന് കണ്ടെത്തി.

അറസ്റ്റിന് പിന്നാലെ രണ്ട് പതിറ്റാണ്ടോളം ഭാസ്കറുമായി വേദി പങ്കിട്ട കര്‍ണാടക സംഗീതജ്ഞന്‍ ടി.എം.കൃഷ്ണ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തുവന്നിരുന്നു. തനിക്ക് വാര്‍ത്ത കേട്ടപ്പോള്‍ അമര്‍ഷവും സങ്കടവും വന്നെന്ന് പറഞ്ഞ കൃഷ്ണ ഇരയ്ക്ക് നീതി ലഭിക്കട്ടെ എന്നും കൂട്ടിച്ചേര്‍ത്തു. 

ഗായിക ചിന്‍മയി ശ്രീപദയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.  ഭാസ്കറിന്റെ അറസ്റ്റും ആരോപണങ്ങളും തനിക്ക് ഒട്ടും ആശ്ചര്യമുണ്ടാക്കുന്നില്ല എന്നാണ് ഗായിക പറഞ്ഞത്. കൂടാതെ കർണാടക സംഗീത മേഖലയേക്കാൾ എത്രയോ സുരക്ഷിതമാണ് സിനിമാ മേഖലയെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു.