Featured Spotlight

ശ്മശാനത്തിൽ ചീഫ് ജസ്റ്റിസിന്റെ ചിത്രം വച്ച് മന്ത്രവാദം ചെയ്താൽ ജാമ്യം കിട്ടുമോ? യുവാവ് അറസ്റ്റിൽ

റായ്‌പുര്‍: ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രമുപയോഗിച്ച് മന്ത്രവാദപൂജ നടത്തിയ യുവാവ് അറസ്റ്റിലായി. ഛത്തീസ്ഗഡ് ബിലാസ്പൂർ ജില്ലയിലെ ദേവ്രിഗ്രാമിലുള്ള ശ്മശാനത്തിൽവച്ച് ഋഷികേശ് കുമാർ എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേർ നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു.

സിപത് പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഈ സംഭവം നടന്നത്. മന്ത്രവാദത്തിന് ഉപയോഗിച്ച മീൻ, നാരങ്ങ, സിന്ദൂരം തുടങ്ങിയ സാധനങ്ങൾ പോലീസ് ശ്മശാനത്തിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവയോടൊപ്പം ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് സിൻഹ, കുത്തുകേസിൽ പ്രതിയായ പ്രിയാൻഷു ബോലെ, കേസിന് ആസ്പദമായ സംഭവത്തിലെ ഇര എന്നിവരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു.

അറസ്റ്റിലായ പ്രിയാൻഷു ബോലെയ്ക്ക് ജാമ്യം കിട്ടുന്നതിനുവേണ്ടിയാണ് പ്രതികൾ മന്ത്രവാദം നടത്തിയത്. ഇയാൾ ഋഷികേശ് കുമാറിന്റെ ബന്ധുവാണ്. കേസിൽ ഉൾപ്പെട്ട മറ്റൊരാൾക്ക് ജാമ്യം ലഭിച്ചെങ്കിലും പ്രിയാൻഷു ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ് നിലവിലുള്ളത്. സോഷ്യൽ മീഡിയയിൽ കണ്ട വീഡിയോകളിൽനിന്നാണ് മന്ത്രവാദം നടത്തിയാൽ ജാമ്യം ലഭിക്കുമെന്ന അന്ധവിശ്വാസമുണ്ടായതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മന്ത്രവാദപൂജ നടത്തിയത് കൊണ്ട് ജാമ്യം ലഭിക്കില്ലെന്നും കുറ്റവാളികൾ ഇത്തരം അന്ധവിശ്വാസങ്ങളിൽനിന്ന് പിന്മാറി സ്വയം തിരുത്താൻ തയ്യാറാകണമെന്നും ബിലാസ്പൂർ എസ്.പി രജ്നേഷ് സിങ് വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി അറിയിച്ചു. ശ്മശാനത്തിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട നാലുപേരെ നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് മൂന്നുപേർ ഓടി രക്ഷപ്പെട്ടെങ്കിലും ഋഷികേശ് കുമാറിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.