Crime Featured

‘അല്ല, ആ കടലില്‍ കാണാതായവരെ കിട്ടിയോ? ചോദ്യം പോലീസിനോട്, ആയങ്കിക്ക്‌ അറിയണം

കണ്ണൂര്‍: പോലീസ്‌ കസ്റ്റഡിയിലായതിനുപിന്നാലെ അര്‍ജുന്‍ ആയങ്കി ചോദിച്ചത്‌ കടലില്‍ കാണാതായവരെ കിട്ടിയോയെന്നാണ്‌. പോലീസിനെ വെല്ലുവിളിച്ച്‌ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ആയങ്കിയെ കണ്ണൂരില്‍ നിന്ന്‌ പിടികൂടിയ ഉദ്യോഗസ്ഥരോടായിരുന്നു ഈ ചോദ്യം. അര്‍ജുന്‍ ആയങ്കിയെ അറസ്‌റ്റ്‌ ചെയ്തത്‌ പോലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന്‌ കണ്ണൂര്‍ പോലീസ്‌ കമ്മിഷണര്‍ ബി.വി. വിജയ്‌ ഭരത്‌ റെഡ്‌ഡി വ്യക്തമാക്കി.

ആയങ്കിയുടെ വൈദ്യപരിശോധന പൂര്‍ത്തിയായതായി പോലീസ്‌ അറിയിച്ചു. കണ്ണൂരിലെ കേസില്‍ അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷം ഇയാളെ എറണാകുളത്തേക്ക്‌ മാറ്റാനാണ്‌ പോലീസിന്റെ പദ്ധതി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌, സ്വര്‍ണം തട്ടിയെടുക്കല്‍, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട്‌ മോശമായി പെരുമാറിയ സംഭവം തുടങ്ങി വിവിധ പോലീസ്‌ സ്‌റ്റേഷനുകളില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസുകള്‍ നിലവിലുണ്ട്‌.

താളിക്കാവില്‍ വച്ച് പിടിയിലായ അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്താന്‍ പോലീസ്‌ നീക്കം ആരംഭിച്ചു. 23 കേസുകളില്‍ പ്രതിയായ അര്‍ജുന്‍ കൊടും ക്രിമിനലാണെന്നു പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കും. രണ്ട്‌ വധശ്രമക്കേസുകള്‍ക്ക് പുറമേ ആയുധം ഉപയോഗിച്ച്‌ മാരകമായി പരുക്കേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. അര്‍ജുന്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണെന്നും പല കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും പോലീസ്‌ പറയുന്നു. വളപട്ടണം പോലീസ്‌ സ്‌റ്റേഷനില്‍ മാത്രം 12 കേസുകളുള്ള ഇയാള്‍ പുതിയ കേസുകള്‍ ഉള്‍പ്പെടെ 23 കേസുകളിൽ പ്രതിയാണ്. ഉടൻ തന്നെ കാപ്പ ചുമത്താനുള്ള റിപ്പോര്‍ട്ട്‌ കണ്ണൂര്‍ കലക്‌ടര്‍ പി. വിഷ്‌ണു രാജിന്‌ കൈമാറും. കണ്ണൂരിലെ നടപടികള്‍ക്ക്‌ ശേഷം അര്‍ജുനെ എറണാകുളത്തേക്ക്‌ മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമായിരിക്കും തുടർനടപടികൾ.

അര്‍ജുന്‍ ആയങ്കിക്ക്‌ ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവര്‍ക്കെതിരേ വിട്ടുവീഴ്‌ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്ന്‌ കണ്ണൂര്‍ റേഞ്ച്‌ ഡി.ഐ.ജി: കെ. കാര്‍ത്തിക്‌ അറിയിച്ചു. പ്രതിയെ പിടികൂടാന്‍ വിവിധ ജില്ലാ പോലീസ്‌ മേധാവികള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഉദ്യോഗസ്ഥർ ഏകോപിച്ചാണ്‌ അന്വേഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പോലീസ്‌ സംവിധാനത്തെ വെല്ലുവിളിക്കുന്നത് സമൂഹത്തിന്‌ തെറ്റായ സന്ദേശം നല്‍കുമെന്നും, ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും താമസസൗകര്യമൊരുക്കിയവരെയും കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഡി.ഐ.ജി വ്യക്തമാക്കി.

അതിനിടെ, അര്‍ജുന്റെ പ്രധാന കൂട്ടാളിയെന്നു സംശയിക്കുന്ന അഴീക്കോട്‌ സ്വദേശി പ്രണവിനായി തിരച്ചിൽ ഊർജ്ജിതമാക്കി. ഒളിവിലിരിക്കെ സോഷ്യൽ മീഡിയയിൽ വന്ന വിവാദ പോസ്റ്റുകൾ പ്രണവാണ് പുറത്തുവിട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എറണാകുളത്ത്‌ നിന്ന്‌ കണ്ണൂരിലേക്ക്‌ വരുമ്പോൾ പ്രണവ് ഒപ്പമുണ്ടായിരുന്നുവെന്ന് അർജുൻ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ഉച്ചവരെ ഇരുവരും തളിപ്പറമ്പിൽ ഒപ്പമുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. തുടർന്നാണ് പ്രണവ് ഒളിവ് പോയത്. അർജുന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് അയച്ചു. തളിപ്പറമ്പിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച പോലീസ് നീക്കം പുലർച്ചെ 2.45-ഓടെയാണ് അറസ്റ്റിലെത്തിയത്. ഇതിനു പിന്നാലെ ഗുണ്ടാ സംഘങ്ങൾക്കെതിരായ ‘ഓപ്പറേഷൻ ഗ്രിപ്പ്’ ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു.