ഗർഭിണിയായ യുവതിക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനെതിരെ പ്രതിഷേധിച്ച യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ ഔറംഗബാദിലാണ് 45-കാരനായ സിക്കന്ദർ ഖാൻ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്വകാര്യ ആശുപത്രി ഉടമ ഡോ. രഞ്ജിത് കുമാർ യാദവിനെയും കമ്പൗണ്ടർ സൗരഭ് കുമാറിനെയും ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 10-ന് റഫിഗഞ്ചിൽ രജിസ്ട്രേഷനില്ലാതെ പ്രവർത്തിച്ചിരുന്ന കെ.പി. മെമ്മോറിയൽ ആശുപത്രിയിലാണ് ക്രൂരകൃത്യം നടന്നത്. ഗുരുതരമായി പരിക്കേറ്റ സിക്കന്ദർ നാല് ദിവസത്തിന് ശേഷം പട്നയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
രാത്രിയിൽ സുഹൃത്തിന്റെ പിതാവിനെ കാണാനായാണ് സിക്കന്ദർ ഖാൻ നോണിയ തില്ലയിലെ കെ.പി. മെമ്മോറിയൽ ആശുപത്രിയിൽ എത്തിയത്. അവിടെവെച്ച് ചികിത്സയിലുള്ള ഒരു ഗർഭിണിക്ക് രക്തം ആവശ്യമാണെന്ന് അദ്ദേഹം അറിഞ്ഞു. തുടർന്ന് അതേ രക്തഗ്രൂപ്പുകാരനായ സിക്കന്ദർ അവർക്ക് രക്തം നൽകാൻ സന്നദ്ധനായി മുന്നോട്ടുവന്നു.
എന്നാൽ ആശുപത്രിയിലെ ചികിത്സാ പിഴവുകളും മോശം സാഹചര്യങ്ങളും കണ്ട യുവാവ് ഇതിനെതിരെ പ്രതിഷേധിച്ചു. രോഗിയെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള നിർദ്ദേശത്തെയും സിക്കന്ദർ ചോദ്യം ചെയ്തതോടെ ആശുപത്രി നടത്തിപ്പുകാരനായ ഡോ. രഞ്ജിത് കുമാർ യാദവുമായി രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതോടെ യാദവും കൂട്ടാളികളും ആശുപത്രിയുടെ വാതിലുകൾ പൂട്ടിയ ശേഷം സിക്കന്ദറിനെ അകത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തുടർന്ന് ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കും ബേസ്ബോൾ ബാറ്റും ഉപയോഗിച്ച് അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരൻ സാബ്രെ ആലം നൽകിയ പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സിക്കന്ദറിനെ പൊലീസ് ആദ്യം റഫിഗഞ്ചിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഗയയിലേക്കും തുടർന്ന് പട്നയിലെ മേദാന്ത ആശുപത്രിയിലേക്കും മാറ്റിയെങ്കിലും നവംബർ 14-ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. നവംബർ 11-ന് വധശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിൽ ഡോ. യാദവിനെയും കമ്പൗണ്ടർ സൗരഭ് കുമാറിനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. യാദവിന്റെ സഹോദരൻ രഞ്ജയ് കുമാറിനായും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പ്രതികൾക്കായും പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.




