ഗ്രീക്ക് തൈരിന്റെ (Greek yoghurt) പോഷകഗുണങ്ങളെക്കുറിച്ച് നമ്മളിൽ പലർക്കും അറിവുള്ളതാണ്. സാധാരണ തൈരിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ കട്ടികൂടിയ ക്രീം പോലുള്ള ഘടനയും ഉയർന്ന പ്രോട്ടീൻ അളവുമാണ്. സ്മൂത്തികൾ, ബ്രേക്ക്ഫാസ്റ്റ് ബൗളുകൾ, ടാക്കോസ്, നാച്ചോസ് തുടങ്ങി വിവിധ തരം വിഭവങ്ങളിൽ മികച്ച രുചിക്കായി ആളുകൾ ഗ്രീക്ക് തൈര് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്റെ മറ്റ് ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വളരെ കുറച്ചുപേർക്ക് മാത്രമേ അറിവുള്ളൂ. പോഷകങ്ങളാൽ സമ്പന്നമായ ഗ്രീക്ക് തൈര് ശരീരത്തിന്റെ ആകമാനമുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. പ്രോബയോട്ടിക്സുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് കുടലിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ഗ്രീക്ക് തൈരിന്റെ ഏറ്റവും വലിയൊരു ആരോഗ്യ ഗുണത്തെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ദീപ്ശിഖ ജെയ്ൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു . ഈ ആഹാരസാധനത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് അവർ പറയുന്നത്.
“നിരവധി പഠനങ്ങൾ അനുസരിച്ച്, ടൈപ്പ് 2 പ്രമേഹവും ഇൻസുലിൻ റെസിസ്റ്റൻസും (insulin resistance) നിയന്ത്രിക്കാനും കുറയ്ക്കാനും ഈ ഒരു ഭക്ഷണത്തിന് സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രോബയോട്ടിക്സിന്റെ പ്രധാന സ്രോതസ്സായ ഗ്രീക്ക് തൈരാണത്,” ദീപ്ശിഖ പറയുന്നു.
ഗ്രീക്ക് തൈര് പോലെയുള്ള പുളിപ്പിച്ച ഡയറി ഉൽപ്പന്നങ്ങൾ ഇൻസുലിൻ സെൻസിറ്റിവിറ്റിയെ (insulin sensitivity) പോസിറ്റീവായി സ്വാധീനിക്കുമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നതായി അവർ വിശദീകരിക്കുന്നു. ഗ്രീക്ക് തൈര് പോലെയുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങളിൽ ലാക്ടോബാസിലസ് (Lactobacillus) ബാക്ടീരിയകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ സൂക്ഷ്മജീവികളുടെ (gut microbes) ഘടനയെ മെച്ചപ്പെടുത്താൻ സഹായിക്കും.
കൂടാതെ, പ്രോബയോട്ടിക് ഭക്ഷണങ്ങൾക്ക് ശരീരത്തിലെ ഇൻസുലിൻ ഉൽപ്പാദനം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും ദീപ്ശിഖ വിശദീകരിക്കുന്നു. ഗ്രീക്ക് തൈരിലെ പ്രോബയോട്ടിക്സ് കഴിക്കുന്നത് ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളുടെ (short-chain fatty acids) ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നും, ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
“ഇൻസുലിൻ റെസിസ്റ്റൻസോ ടൈപ്പ് 2 പ്രമേഹമോ ഉള്ള ആരെങ്കിലും നിങ്ങള്ക്ക് അറിയാമെങ്കിൽ, ഈ വിവരം അവരുമായി പങ്കുവെക്കുകയും ഗ്രീക്ക് തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യുക,” അവർ കൂട്ടിച്ചേർക്കുന്നു.
ഗ്രീക്ക് തൈരിന്റെ ധാരാളം ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഇപ്പോൾ മനസ്സിലായ സ്ഥിതിക്ക്, ഇത് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ബോധപൂർവ്വം ഉൾപ്പെടുത്താവുന്നതാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ഈ ഭക്ഷണം മുൻപേ കഴിക്കുന്ന ആളാണ് നിങ്ങളെങ്കിൽ, അത് തുടരാൻ മറ്റൊരു കാരണം കൂടി ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. എന്തെന്നാൽ, നമ്മൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുന്നത് ദീർഘകാല ആരോഗ്യത്തിന് ഏറെ സഹായിക്കും.
Disclaimer: This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. Hashtagonline.in does not claim responsibility for this information




