Crime

പ്രണയത്തിൽനിന്ന് പിന്മാറിയില്ല, ASI-യെ കൊലപ്പെടുത്തി വനിതാ ഹെഡ്കോൺസ്റ്റബിൾ; മൃതദേഹം കാറിലിട്ട് കത്തിച്ചു

ആരവല്ലി: അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എഎസ്ഐ) കൊലപ്പെടുത്തി മൃതദേഹം കാറിലിട്ട് കത്തിച്ച കേസിൽ വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ഈ ക്രൂരകൃത്യം നടന്നത്. എഎസ്ഐ അശ്വിൻഭായ് തബിയാദു (45) ആണ് കൊല്ലപ്പെട്ടത്. സബർകന്തയിലെ ചിത്തോഡ പൊലീസ് സ്റ്റേഷനിൽ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഹെഡ് കോൺസ്റ്റബിൾ ആൽഫാബെൻ കേലാസ്‌വ (37) ആണ് കേസിലെ മുഖ്യപ്രതി.

നവംബർ 10-നാണ് ആരവല്ലിയിലെ ഭിലോദയിൽ പൂർണമായും കത്തിയമർന്ന നിലയിൽ ഒരു കാർ നാട്ടുകാർ കണ്ടെത്തിയത്. ഇതിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ ഒരു അസ്ഥികൂടവും പൊലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ചത് അശ്വിനാണെന്ന് വ്യക്തമായി. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പിന്നീട് അശ്വിന്റെ സഹോദരൻ സിദ്ധരാജ് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.

വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അശ്വിനും ആൽഫാബെന്നും തമ്മിൽ അടുപ്പമുണ്ടായിരുന്നു. എന്നാൽ ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആൽഫാബെൻ ആഗ്രഹിച്ചെങ്കിലും അശ്വിൻ അതിന് തയ്യാറായില്ല. ഇതോടെയാണ് അശ്വിനെ ഇല്ലാതാക്കാൻ ആൽഫാബെൻ തീരുമാനിച്ചത്.

നവംബർ 8-ന് രാത്രി ചിത്തോഡയിലെ തന്റെ വാടകവീട്ടിലേക്ക് അശ്വിനെ വിളിച്ചുവരുത്തിയ ആൽഫാബെൻ അവിടെവച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒളിപ്പിക്കാനായി സഹോദരൻ കൽപേഷ്ഭായ് കേലാസ്‌വയുടെ (36) സഹായം തേടി. കൽപേഷ് ബന്ധുവായ പങ്കജ്കുമാർ കേലാസ്‌വയ്ക്കൊപ്പം (28) വീട്ടിലെത്തി മൃതദേഹം ഒരു ചാക്കിലാക്കി പകൽ മുഴുവൻ അവിടെത്തന്നെ ഒളിപ്പിച്ചു.

രാത്രിയായതോടെ കൽപേഷും സുഹൃത്ത് മനോജ്കുമാർ നിനാമയും (33) ചേർന്ന് വിജയനഗറിലെ പമ്പിൽ നിന്നും പെട്രോൾ വാങ്ങി. തുടർന്ന് അശ്വിന്റെ കാർ ഹാഥ്മതി നദിക്കരയിലേക്ക് കൊണ്ടുപോയി മൃതദേഹത്തിലും വാഹനത്തിലും പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. ഇതിനിടെ തീ ആളിപ്പടർന്ന് ആൽഫാബെന്റെ മുഖത്തും കൈകളിലും ശരീരത്തിലും സാരമായി പൊള്ളലേറ്റിരുന്നു. ഇവർ പിന്നീട് ഇതിനായി ആശുപത്രിയിൽ ചികിത്സ തേടി.

സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മരിച്ചത് അശ്വിൻ തന്നെയെന്ന് ഉറപ്പിക്കാൻ അസ്ഥികൂടത്തിൽ നിന്നും പിതാവിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൽഫാബെനെ ചോദ്യം ചെയ്തതിനൊപ്പം മറ്റ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ നാലുപേരും കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.