ന്യൂഡൽഹി: പടക്കം പൊട്ടിക്കുന്നത് രോഗാണുക്കളെയും വൈറസുകളെയും നശിപ്പിക്കാൻ സഹായിക്കുമെന്ന പ്രസ്താവന തിരുത്തി ബംഗാൾ ബിജെപി എംഎൽഎ പാപിയ അധികാരി രംഗത്തെത്തി. ടിആർപിക്കു വേണ്ടി തന്റെ വാക്കുകൾ ബോധപൂർവം വളച്ചൊടിക്കുകയായിരുന്നെന്നും പടക്കം പൊട്ടിച്ചാൽ രോഗാണുക്കൾ നശിക്കുമെന്ന് നമ്മുടെ അമ്മൂമ്മമാരും മുതിർന്നവരും തലമുറകളായി പറഞ്ഞുപോരുന്ന കാര്യമാണെന്നും വ്യക്തമാക്കിയ അവർ, തന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചു.
താൻ എന്തു പറഞ്ഞാലും എതിർക്കുന്നവർ അത് ടിആർപി ഉയർത്താനാണ് ഉപയോഗിക്കുന്നതെന്നും ഒന്നു ചുമച്ചാലോ തുമ്മിയാലോ പോലും വലിയ വിഷയമാക്കാറുണ്ടെന്നും പാപിയ പറഞ്ഞു. ദീപാവലി-കാളി പൂജ രാത്രികളിൽ പടക്കം പൊട്ടിച്ചാൽ രോഗാണുക്കൾ നശിക്കുമെന്ന് പൂർവികർ പറഞ്ഞുപോന്ന കാഴ്ചപ്പാടാണ് താൻ ഉദ്ദേശിച്ചത്. അടിസ്ഥാനപരമായി ഇത് തിന്മകളെ ഇല്ലായ്മ ചെയ്യാനായി ദീപങ്ങൾ തെളിക്കുന്ന ആഘോഷമാണ്. പണ്ട് ആചാരങ്ങളിലൂടെ ഇത്തരം തിന്മകളെ നേരിട്ടിരുന്നുവെങ്കിലും ഇന്ന് ശാസ്ത്രം ഇത്രയേറെ പുരോഗമിച്ച കാലത്ത് ആ പഴയ കാഴ്ചപ്പാടിന് പ്രസക്തിയുണ്ടാവില്ലെന്നും, തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിച്ച് പ്രസ്താവന പിൻവലിക്കാൻ തയാറാണെന്നും അവർ കൂട്ടിച്ചേർത്തു.
ടോളിഗഞ്ചിൽ കാളി പൂജ പന്തൽ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പാപിയ വിവാദ പ്രസ്താവന നടത്തിയത്. പടക്കം പൊട്ടിക്കുന്നത് പല രോഗങ്ങളെയും ഇല്ലാതാക്കുമെന്നും പൊലീസിന്റെ നിർദേശങ്ങൾ പൂർണമായും പാലിച്ച് നമ്മൾ പടക്കം പൊട്ടിക്കുമെന്നുമായിരുന്നു അവരുടെ വാക്കുകൾ. എന്നാൽ പാപിയയുടെ ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് വഴിവെച്ചതോടെയാണ് വിശദീകരണവുമായി അവർ പ്രസ്താവന തിരുത്തിയത്.




